NationalNews

‘തന്നോട് രാംലല്ല പറഞ്ഞു: ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന്’: നരേന്ദ്ര മോദി

ദില്ല: ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന് അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹം തന്നോട് പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സുവര്‍ണനാളുകള്‍ വന്നിരിക്കുന്നു. രാജ്യം മുന്നോട്ടുകുതിക്കുന്നുവെന്നായിരുന്നു ആ വാക്കുകളെന്നും മോദി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെയാണ് തനിക്കിങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

പ്രധാനമന്ത്രി എന്ന നിലയില്‍ നിരവധി പരിപാടികള്‍ക്ക് ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ ശ്രീരാമജന്മഭൂമി തീര്‍ഥട്രസ്റ്റ് പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ക്ഷണിച്ചോള്‍ അത് പറഞ്ഞറിയാക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു. ക്ഷണം ലഭിച്ചതിന് പിന്നാലെ താന്‍ ആത്മീയമായ ചുറ്റുപാടിലേക്ക് മുഴുകി. ഇതിനായി പതിനൊന്ന് ദിവസത്തെ അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും മോദി പറയുന്നു.

ഇക്കാലയളവില്‍ രാമനുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും കൂടുതല്‍ സമയം ചെലവഴിച്ചു. ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി തറയിലാണ് കിടന്നിരുന്നതെന്നും വെറും ഇളനീര്‍ വെള്ളം മാത്രമായിരുന്നു കുടിച്ചിരുന്നതെന്നും നേരത്തെ പ്രചാരണം ഉണ്ടായിരുന്നു.

അയോധ്യയിലെത്തിയതിന് പിന്നാലെ ഓരോ ചുവടുവയ്ക്കുമ്പോഴും മനസിലൂടെ കടന്നുപോയ പ്രധാന ചിന്ത താന്‍ ഇവിടെയെത്തിയത് പ്രധാനമന്ത്രിയായിട്ടാണോ, അതോ ഒരു സാധാരണ പൗരനായിട്ടാണാ എന്നതായിരുന്നു. 140 കോടി ഇന്ത്യക്കാരില്‍ ഒരാളാണെന്ന തോന്നലാണ് തനിക്ക് അപ്പോള്‍ ഉണ്ടായതെന്നും മോദി പറഞ്ഞു. രാംലല്ല വിഗ്രഹം കണ്ടപ്പോള്‍ താന്‍ സ്തംഭിച്ചുപോയെന്നും പുരോഹിതര്‍ പറയൂന്ന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായില്ലെന്നും മോദി പറഞ്ഞു. ‘ആ നിമിഷങ്ങളില്‍ രാം ലല്ല എന്നോട് പറയുകയായിരുന്നു, ഇന്ത്യയുടെ സുവര്‍ണ്ണയുഗം ആരംഭിച്ചുവെന്ന്. രാജ്യം മുന്നോട്ട് കുതിക്കുന്നുവെന്ന്. 140 കോടി രാജ്യക്കാരുടെ സ്വപ്നങ്ങള്‍ രാംലല്ലയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു’- മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *