CricketNewsSports

മോശം ഫോം; എന്നിട്ടും സഞ്ജു കുറിച്ചത് 3 റെക്കോർഡുകൾ! രോഹിതിനേയും ശിഖർ ധവാനേയും മറികടന്ന് സഞ്ജു

ഇംഗ്ലണ്ടിനെതിരായ അഞ്ച് മൽസരങ്ങളടങ്ങിയ ട്വൻ്റി 20 പരമ്പരയിൽ ഏറെ പ്രതീക്ഷയർപ്പിച്ച സഞ്ജു സാംസൺ പരാജയപ്പെട്ടതിൻ്റെ നിരാശയിലാണ് ആരാധകർ.

പരമ്പരയിൽ അധികാരിക ജയം നേടിയെങ്കിലും സഞ്ജു സാംസണിന് തിളങ്ങാൻ കഴിഞ്ഞില്ല.26, 5, 3, 1 , 16 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോർ

2024 അവസാനം ബംഗ്ലാദേശിനെതിരെ ഒരു സെഞ്ച്വറിയും ദക്ഷിണാഫ്രിക്കക്കെതിരെ 2 സെഞ്ച്വറിയും നേടി സഞ്ജു മിന്നി തിളങ്ങിയിരുന്നു. 2024 ൽ ട്വൻ്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡും സഞ്ജുവിന് ആയിരുന്നു.

മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിനെതിരെ സഞ്ജു 3 റെക്കോർഡുകൾ കുറിച്ചു. ആദ്യത്തേയും അവസാനത്തേയും മൽസരത്തിലൂടെയാണ് സഞ്ജു 3 റെക്കോഡുകൾ കുറിച്ചത്.

ട്വൻ്റി20യില്‍ ഇന്ത്യക്കായി രണ്ടാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡ് ആദ്യ മൽസരത്തിൽ സഞ്ജു നേടി. രോഹിത്തിൻ്റേയും മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാൻ്റേയും റെക്കോഡാണ് സഞ്ജു മറികടന്നത്. രണ്ടാം ഓവറില്‍ സഞ്ജു വാരിക്കൂട്ടിയത് 22 റണ്‍സായിരുന്നു. പേസര്‍ ഗസ് അറ്റ്കിന്‍സണാണ് സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

രണ്ടാം ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ചാണ് അദ്ദേഹം തുടങ്ങിയത്. മൂന്നാമത്തെ ബോളില്‍ റണ്ണില്ലെങ്കിലും നാലാമത്തെ ബോളില്‍ സഞ്ജു സിക്‌സര്‍ പറത്തി. ശേഷിച്ച രണ്ടു ബോളിലും അദ്ദേഹം ബൗണ്ടറി പായിക്കുകയും ചെയ്തു.

അവസാനത്തെ മൽസരത്തിലാണ് സഞ്ജു രണ്ട് റെക്കോഡുകൾ നേടിയത്. ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ചതോടെ ടി20യില്‍ ആദ്യ ബോളില്‍ സിക്‌സറടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന അപൂവ്വ റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തി. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു മാത്രമേ നേരത്തേ ഇതിനു കഴിഞ്ഞിരുന്നുള്ളൂ.

ഇതേ കളിയില്‍ ആര്‍ച്ചറെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടി20യില്‍ ആദ്യ ഓവറില്‍ കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി.നേരത്തേ ശ്രീലങ്ക്‌ക്കെതിരേ 2023ല്‍ ഇഷാന്‍ കിഷനും ആദ്യ ഓവറില്‍ 16 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് (18 റണ്‍സ്), രോഹിത് (17) എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *