തിരുവനന്തപുരം: ഇടതുഭരണം ജീവനക്കാരെ കവര്‍ച്ചക്ക് വിധേയരാക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (SETO). കേരള ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയ ഇടതുഭരണം ജീവനക്കാരെ കവര്‍ച്ചയ്ക്ക് വിധേയരാക്കുകയാണ്.
ശമ്പളം, ഡി എ, ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, നഗരപരിഹാര ബത്ത, എല്ലാം കവര്‍ന്നെടുത്ത ഭരണത്തിന്റെ പര്യായമായി എല്‍ഡിഎഫ് ഭരണം മാറിയിരിക്കുന്നു സെറ്റോ ഭാരവാഹികള്‍ ആരോപിച്ചു. ആനുകൂല്യങ്ങള്‍ തട്ടിപ്പറിച്ചെടുത്ത് തസ്‌ക്കരശ്രീ പട്ടം കൈക്കലാക്കിയ മറ്റൊരു ഭരണത്തെ കേരളം കണ്ടിട്ടേയില്ല. 1975 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത കേന്ദ്ര നിരക്കിലെ ഡിഎയും പ്രാബല്യ തീയതിയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തത് .
എട്ടുവര്‍ഷത്തെ ഭരണത്തില്‍ ജീവനക്കാരെ നിര്‍ദാക്ഷിണ്യം പോക്കറ്റടിച്ചതിലൂടെ ലക്ഷങ്ങളാണ് കവര്‍ന്നത്. ഡിഎ ഇനത്തില്‍ വിധേയമായ കൊള്ളയുടെയും കവര്‍ച്ചയുടെയും യഥാര്‍ത്ഥ ചിത്രം ഇങ്ങനെ.
39 മാസത്തെ ഡിഎ ആണ് ജീവനക്കാരില്‍ നിന്നും കൊള്ളയടിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം നിഷേധിക്കാന്‍ നിയമമുണ്ടാക്കിയ ഇടതു ഭരണം ഒരു നിയമനിര്‍മ്മാണവും കൂടാതെ ക്ഷാമബത്ത കവര്‍ന്നെടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.
ജീവനക്കാരില്‍ നിന്നും നാല് മാസത്തെയും 10 ദിവസത്തെയും ശമ്പളമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ പകല്‍ക്കൊള്ളക്ക് അറുതി വരുത്തേണ്ടത് സര്‍ക്കാര്‍ ജീവനക്കാരുടെ അടിയന്തരമായ ആവശ്യമാണ്.
1975 മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര നിരക്കിലുള്ള ഡിഎയും പ്രാബല്യ തീയതിയും അട്ടിമറിച്ചെതിനെതിരായി സെക്രട്ടേറിയറ്റിന് മുന്നില്‍ സെറ്റോയുടെ ആഭിമുഖ്യത്തില്‍ ഡിഎ സംരക്ഷണ ശൃംഖല തീര്‍ത്ത് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം.എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് പ്രദീപ്കുമാര്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തിബീന്‍ നീലാംബരന്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിവി എ ബിനു എന്നിവര്‍ പ്രതിഷേധ ശൃംഖലയ്ക്ക് നേതൃത്വം നല്‍കി.