തിരുവനന്തപുരം: ധനമന്ത്രിയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബെവ്‌കോ നഷ്ടത്തിലേക്ക് പോകുമെന്ന് എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എം.ഡിയുടെ കത്ത്. 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപിച്ച ഗ്യാലനേജ് ഫീസ് പിന്‍വലിക്കണമെന്നാണ് എം.ഡി മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് പിന്‍വലിച്ചില്ലെങ്കില്‍ ബെവ്‌കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ മദ്യവില ഉയര്‍ത്തേണ്ടി വരുമെന്നും എം.ഡി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വരെ ഗ്യാലനേജ് ഫീ ചുമത്തുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ലിറ്ററിന് 5 പൈസയാണ് നല്‍കിയിരുന്നത്. സംസ്ഥാനത്തിന് 200 കോടി രൂപ അധിക വരുമാനം നേടാന്‍ ലക്ഷ്യമിട്ടാണ് നീക്കം. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്‌കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചത്.
പല ഔട്ട് ലെറ്റുകളും അടയ്‌ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകള്‍ ഷോപ്പുകളില്‍ എത്താതിരിക്കുകയും ചെയ്തപ്പോള്‍ ബെവ്‌കോ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. മൂന്ന് സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ പോയിരുന്ന ബെവ്‌ക്കോ 2022-23 സാമ്പത്തിക വര്‍ഷമാണ് ലാഭത്തിലേക്ക് എത്തിയത്.
124 കോടി രൂപയായിരുന്ന ബെവ്കോയുടെ ആ സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വര്‍ഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്‌ക്കോ നല്‍കുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോര്‍പ്പറേഷന്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നാണ് ബെവ്‌കോ സര്‍ക്കാരിന് അറിയിച്ചിരിക്കുന്നത്.