
അരവിന്ദ് കേജ്‍രിവാൾ തീഹാർ ജയിലിലേക്ക്; എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി. കേജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും.
മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു.
അതേസമയം അറസ്റ്റിനെതിരെ കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് കേജ്‍രിവാൾ കോടതിയെ സമീപിച്ചത്. ഇതിൽ ഡൽഹി ഹൈക്കോടതി ഇ.ഡിക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 2നുള്ളിൽ മറുപടി നൽകണമെന്നും ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.