‘മുഖ്യമന്ത്രി എന്നെ ചതിച്ചു, പലതും പറഞ്ഞു പറ്റിച്ചു’; സർക്കാരിനെതിരെ സിദ്ധാർഥൻ്റെ അച്ഛൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥിയായിരുന്ന ജെ.എസ്.സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിക്കാന്‍ സര്‍ക്കാറും സിപിഎം നേതാക്കളും ശ്രമിക്കുന്നെന്ന് പിതാവ് ജയപ്രകാശ്.

ആഭ്യന്തര സെക്രട്ടറിയാണ് വീഴ്ച വരുത്തിയതെന്നും വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റലില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വരാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞിരുന്നതായും പിതാവ് അറിയിച്ചു.

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. ”പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. എല്ലാ സമ്മര്‍ദ്ദത്തിലും അടിമപ്പെട്ട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രണ്ടാമത് മുഖ്യമന്ത്രി എന്ന നിലയില്‍ സിബിഐ അന്വേഷണം ഇപ്പോ തരാം എന്നു പറഞ്ഞ് പറ്റിച്ചു. വീണ്ടും സിബിഐ അന്വേഷണത്തിനായുള്ള റിപ്പോര്‍ട്ട് ഡല്‍ഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തെന്നും പറഞ്ഞ് വീണ്ടും പറ്റിച്ചു. എന്നെ ഈ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.

എന്റെ മകനെ ചതിച്ചു കൊന്ന പെണ്‍കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്റി റാഗിങ് സ്‌ക്വാഡ് പെണ്‍കുട്ടികള്‍ക്കെതിരെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതര്‍ പറയുന്നത് പെണ്‍കുട്ടികളല്ലേ വിട്ടുകളയാമെന്നാണ്.

രാഷ്ട്രീയമായി സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാത്തത്. എം.എം.മണിയുടെ ചിറകിനടിയില്‍ കിടക്കുന്ന അക്ഷയിയെ തുറന്നു വിട്. എന്തിനാണ് അവനെ എം.എം.മണി സംരക്ഷിക്കുന്നത്. അവനെ അറസ്റ്റ് ചെയ്യട്ടേ. ഇതെല്ലാം ഉന്നയിച്ച് ഉറപ്പായും ക്ലിഫ് ഹൗസില്‍ പോകും.

സിബിഐ അന്വേഷണം അട്ടിമറിക്കാനായി തട്ടിക്കൂട്ടിയ ഒരു പേപ്പര്‍ ഡല്‍ഹിയില്‍ കൊണ്ടുപോയെന്ന് പറയുന്നു. ഞാന്‍ 20 ദിവസമായി കയറി ഇറങ്ങി നടന്നിട്ടും കിട്ടാത്ത ഒരു പേപ്പര്‍ രണ്ടു മൂന്നൂ മണിക്കൂറു കൊണ്ട് കിട്ടിയെന്ന്. അതു കഴിഞ്ഞപ്പോള്‍ ഒരു പ്രഹസനം. പെട്ടെന്നൊരു ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം, മൂന്നു പേരുടെ സസ്‌പെന്‍ഷന്‍.

ഇങ്ങനെ കണ്ണില്‍ പൊടിയിട്ടിട്ട് ചുമ്മാതിരിക്കാമെന്ന് കരുതിയോ. അങ്ങനെ നടപടിയെടുക്കുന്നുണ്ടെങ്കില്‍ അത് ആദ്യം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേണം. ഇത്രയും സെന്‍സേഷനലായ കേസിന്റെ പേപ്പര്‍ എന്തുകൊണ്ട് അയച്ചില്ല എന്ന് അവരല്ലെ ചോദിക്കേണ്ടത്. ചീഫ് സെക്രട്ടറിയോ അഡീഷനല്‍ ചീഫ് സെക്രട്ടറിയോ ആരോണോ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത് അവരോടല്ലേ ചോദിക്കേണ്ടത്. അവരല്ലെ കുറ്റക്കാര്‍. അവര് കുറ്റക്കാരാകുമ്പോ ആഭ്യന്തര മന്ത്രിയല്ലേ കുറ്റക്കാരന്‍. അവര്‍ക്കറിയില്ലേ ഇതില്‍ ശക്തമായി ഇടപെടണമെന്ന്.

എനിക്ക് ആരോടും ചോദ്യം ഉന്നയിക്കാന്‍ ഒരു മടിയുമില്ല. കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ഡീനിനെതിരെ നടപടി എടുക്കുകയും ചെയ്യാതിരുന്നാല്‍ ഉറപ്പായും ഞാന്‍ സമരം തുടങ്ങും. ആര്‍ഷോ ചേട്ടന്‍ അവിടെ വന്നിട്ടുണ്ടെന്ന് എന്റെ മകന്‍ പറഞ്ഞിട്ടുണ്ട്. എട്ടു മാസം എന്റെ മകനെ ഉപദ്രവിക്കുമ്പോള്‍ ഈ ആര്‍ഷോ ചേട്ടന്‍ അത് കണ്ട് രസിക്കുവായിരുന്നില്ലേ.

മാവോയിസ്റ്റുകള്‍ക്ക് കിട്ടിയ അതേ ട്രെയ്‌നിങ്ങാണ് അവര്‍ക്കും കിട്ടിയത്. ഒരു ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് ഇല്ലാതാക്കാം എന്നുള്ള ട്രെയിനിങ്ങാ ഈ എസ്എഫ്‌ഐക്കാര്‍ക്കും കിട്ടിയത്. അവരിതിന് ഉത്തരം പറഞ്ഞേ പറ്റൂ. ആഭ്യന്തര മന്ത്രാലയം ഉത്തരം പറയണം. അല്ലെങ്കില്‍ ഞാന്‍ പ്രതിഷേധവുമായി ഇറങ്ങും” ജയപ്രകാശ് പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമാണ്. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നല്‍കി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിനായിരുന്നു. എന്നാല്‍, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments