റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു – വി.ഡി. സതീശൻ

ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് ആര്‍.എസ്.എസ്.എസുകാരായ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിലൂടെ ആരോപിച്ചു.

കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments