കഴിഞ്ഞ മാസം സംഭവിച്ചതുപോലെ ഇനി ശമ്പള പ്രതിസന്ധി ഉണ്ടാകില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാല്‍. ഇത്തവണ ഒന്നാം തീയതി ശമ്പളം നൽകുമെന്നാണ് ധനമന്ത്രി ഉറപ്പ് പറയുന്നത്. ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കേരളം നേരിടുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കെഎൻ ബാലഗോപാലിന്റെ പ്രതികരണം. സാമ്പത്തിക വർഷത്തിന്റെ അവസാന പ്രവർത്തിദിനമെന്ന നിലയിൽ ബില്ലുകൾ മാറി നൽകാനായി ആറായിരം കോടിയിലധികം രൂപ വേണം. ശമ്പളത്തിനും പെൻഷനുമായി വേണ്ടിവരുന്ന 5000 കോടിരൂപക്ക് പുറമേയാണിത്. ശമ്പളവും പെൻഷനും നൽകാനുള്ള തുകയും ഇനിയും സമാഹരിക്കാനായിട്ടില്ലെന്നുമുള്ള വാർത്തകളോട് ധനമന്ത്രി പ്രതികരിച്ചില്ല.
രണ്ടു മാസത്തെ ക്ഷേമപെൻഷനായി 1800 കോടിയും കണ്ടെത്തണം. അതേസമയം ക്ഷേമപെൻഷൻ നൽകാനുള്ള കൺസോർഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ശമ്പളം വൈകുമെന്ന് വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു.അതിൻ്റെ ഭാഗമായിരുന്നു പൂച്ച പെറ്റ് കിടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിൻ്റെ കമൻ്റ്. കെ എസ് ആർ ടിസിയ്ക്കും കെറ്റി ഡിഎഫ്സിയ്ക്കു കൂടി 420 കോടി അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.