ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വെച്ചായിരുന്നു ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയില്‍ കേസിന്റെ വാദം നടക്കുമ്പോഴും ഇലക്ടറല്‍ ബോണ്ട് പുറത്തിറക്കാനുള്ള നീക്കത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഒരു കോടി വിലയുള്ള 10,000 ബോണ്ടുകള്‍ അച്ചടിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഇതില്‍ 8350 കടപ്പത്രങ്ങള്‍ അച്ചടിച്ച് എസ്.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു . സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബാക്കിയുളള 1650 എണ്ണം അച്ചടിച്ചില്ല. ബോണ്ട് വിതരണ നീക്കം നിര്‍ത്തിവെക്കാന്‍ എസ്.ബി.ഐക്ക് നിര്‍ദ്ദേശം കിട്ടിയത് വിധി വന്ന് പതിമൂന്ന് ദിവസത്തിന് ശേഷം മാത്രമായിരുന്നു.
400 ബുക്ക്‌ലറ്റുകളും 10,000 തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളും അച്ചടിക്കാന്‍ സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഫെബ്രുവരി 12നാണ് കേന്ദ്രധനമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഒരു കോടി രൂപ വീതം മൂല്യമുള്ള കടപ്പത്രങ്ങള്‍. 8,350 കടപ്പത്രങ്ങളുടെ അച്ചടി പൂര്‍ത്തിയായി എസ്ബിഐയ്ക്ക് കൈമാറി. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി.
ബോണ്ട് അച്ചടിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കി മൂന്നാം ദിവസമായിരുന്നു സുപ്രീംകോടതി വിധി. അച്ചടിച്ച കടപ്പത്രങ്ങള്‍ എസ്ബിഐ കൈപ്പറ്റിയതിന്റെ മറുപടി ഫെബ്രുവരി 23ന് നല്‍കി. സുപ്രീംകോടതി വിധി വന്നതോടെ അവശേഷിച്ച 1,650 കടപ്പത്രങ്ങളുടെ അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ബോണ്ട് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ധനമന്ത്രാലയം എസ്ബിഐയ്ക്ക് നിര്‍ദേശം നല്‍കിയതാകട്ടെ ഫെബ്രുവരി 28നും.