നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ല; ബാധിച്ചത് സാധാരണക്കാരനെ; ഭിന്നവിധി പുറപ്പെടുവിക്കാനുള്ള കാരണം പറഞ്ഞ് ജസ്റ്റിസ് ബി.വി. നാഗരത്‌ന

കള്ളപ്പണത്തെ ഉന്‍മൂലനം ചെയ്യാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ഒരു പരാജയമായിരുന്നുവെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന. അസാധുവാക്കിയ 98 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയെങ്കില്‍ കള്ളപ്പണം എങ്ങനെ നശിപ്പിച്ചുവെന്ന് ജസ്റ്റിസ് ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധന നടപടി നിയമവിരുദ്ധമെന്ന് ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസാണ് ബി.വി. നാഗരത്‌ന. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ ഭൂരിപക്ഷ വിധിയെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ വിധിയില്‍ വ്യക്തമാക്കിയിരുന്നത്. അതിനുള്ള കാരണങ്ങള്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുകയാണ് അവർ.

NALSAR University of Law യില്‍ നടത്തിയ പ്രസംഗത്തിലാണ് നോട്ട് നിരോധന നയത്തെക്കുറിച്ചും ഡീമോണിറ്റൈസേഷന്‍ കേസിലെ തന്റെ വിയോജിപ്പിനെക്കുറിച്ചും വിശദമായി ജസ്റ്റിസ് ബി.വി നാഗരത്ന സംസാരിച്ചത്. ‘നിയമവിരുദ്ധം’ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്.

കള്ളപ്പണം തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് നോട്ട് അസാധുവാക്കിയതോടെ ലക്ഷ്യം തന്നെ പാളിപ്പോയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 98% കറന്‍സിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് തിരിച്ചുവന്നതോടെ, കണക്കില്‍പ്പെടാത്ത സമ്പത്ത് പുറത്തെടുക്കുന്നതില്‍ നോട്ട് നിരോധനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നു.

നോട്ട് അസാധുവാക്കലിന്റെ ആഘാതം വ്യക്തമായും ഗുരുതരമായും ബാധിച്ചത് സാധാരണക്കാരനായിരുന്നു. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ നെട്ടോട്ടമോടുന്ന, തന്റെ കൈവശമുണ്ടായിരുന്ന കറന്‍സി വിലപ്പോവില്ലെന്ന് പെട്ടെന്ന് കണ്ടെത്തിയ ദിവസക്കൂലിക്കാരന്റെ വ്യക്തമായ ചിത്രം ജസ്റ്റിസ് നാഗരത്‌ന വിശദീകരിച്ചു.

”86% കറന്‍സിയും 500, 1000 നോട്ടുകളായിരുന്നു, 86% കറന്‍സി നോട്ട് അസാധുവാക്കിയപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്ന്് ഞാന്‍ കരുതുന്നു. ആ ദിവസങ്ങളില്‍ ജോലിക്ക് പോയ ഒരു തൊഴിലാളിക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പലചരക്ക് കടയില്‍ പോകുന്നതിന് മുമ്പ് തന്റെ നോട്ടുകള്‍ മാറ്റി വാങ്ങേണ്ടി വന്നത് ഒന്ന് ഓര്‍ത്തുനോക്കിയേ.. ‘.

നോട്ട് അസാധുവാക്കല്‍ തീരുമാനമെടുക്കാന്‍ മതിയായ ആശയവിനിമയത്തിന്റെയും തയ്യാറെടുപ്പിന്റെയും അഭാവമാണ് ജസ്റ്റിസ് നാഗരത്ന അടിവരയിടുന്ന മറ്റൊരു നിര്‍ണായക പ്രശ്‌നം. സമ്പദ്വ്യവസ്ഥയിലെ സമൂലമായ മാറ്റത്തിന് തയ്യാറെടുക്കാന്‍ പൗരന്മാര്‍ക്കോ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലും സമയം നല്‍കാതെ പെട്ടെന്നായിരുന്നു പ്രഖ്യാപനം. ഇതുകാരണം ഡിജിറ്റല്‍ അല്ലെങ്കില്‍ ‘പ്ലാസ്റ്റിക് കറന്‍സി’ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ സഹായിച്ചില്ല. പകരം അതിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു.

”നോട്ട് നിരോധനം നടത്തിയ രീതി ശരിയായില്ല. നിയമാനുസൃതമായ തീരുമാനങ്ങളെടുക്കല്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. അത് ചെയ്ത ധൃതി… ചിലര്‍ പറയുന്നത് അന്നത്തെ ധനമന്ത്രിക്ക് പോലും ഇതൊന്നും അറിയില്ലായിരുന്നു. ആശയവിനിമയം ഒരു വൈകുന്നേരം നടന്നു, അടുത്ത ദിവസം നോട്ട് നിരോധനം നടന്നു. പേപ്പര്‍ കറന്‍സിയില്‍ നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്ക് മാറാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍, നോട്ട് നിരോധനവും അതിനൊരു കാരണമായിരുന്നില്ല.

500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതില്‍ റിസര്‍വ് ബാങ്ക് സ്വതന്ത്രമായ ചിന്താഗതി പ്രയോഗിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന തന്റെ വിയോജിപ്പില്‍ പറഞ്ഞു. 2016 നവംബര്‍ 8ലെ (നോട്ടുകള്‍ അസാധുവാക്കല്‍ നയം) നിരോധിത വിജ്ഞാപനം ‘നിയമത്തിന് വിരുദ്ധമാണ്’ എന്ന് പ്രഖ്യാപിച്ച ജസ്റ്റിസ് നാഗരത്ന, നിയമാനുസൃതമായ നിയമനിര്‍മ്മാണ പ്രക്രിയ (പാര്‍ലമെന്ററി നിയമത്തിലൂടെ) ഒഴിവാക്കിക്കൊണ്ട് എക്സിക്യൂട്ടീവ് വിജ്ഞാപനത്തിലൂടെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് നിരീക്ഷിച്ചു. അല്ലെങ്കില്‍ ഒരു ഓര്‍ഡിനന്‍സ്).

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments