
പോക്‌സോ കേസ്: റിപ്പോർട്ടർ ടിവിയിലെ അരുൺകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി
റിപ്പോർട്ടർ ടിവി കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ കെ, സബ് എഡിറ്റർ ഷാബാസ് അഹമ്മദ് എസ് എന്നിവർ പോക്സോ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇവർക്കെതിരെ പോക്സോ നിയമത്തിലെ 11(i) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തിങ്കളാഴ്ച (ജനുവരി 20) ഹർജി പരിഗണിക്കും.
തിരുവനന്തപുരത്ത് നടന്ന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.
കുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ ചെയ്ത ഒരു ടെലി-സ്കിറ്റായിരുന്നു ഇതെന്നും ലൈംഗിക ഉദ്ദേശ്യം ഒന്നുമില്ലായിരുന്നുവെന്നും ഹർജിക്കാർ വാദിക്കുന്നു. റിപ്പോർട്ടർ ചാനൽ അടുത്തിടെ പ്രധാന രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചതിനാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിക്കാർ പറയുന്നു.