തിരുവനന്തപുരം: ഡി.എ നല്‍കാത്ത സർക്കാർ നടപടിക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO).
ഏപ്രിൽ 1 ന് സെറ്റോയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ഡി.എ സംരക്ഷണ ശൃംഖല സംഘടിപ്പിക്കും. 1975 മുതൽ ലഭിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര നിരക്കിലുള്ള ഡിഎയും പ്രാബല്യ തീയതിയും അട്ടിമറിച്ചതിനെതിരെയാണ് സെറ്റോയുടെ സമരം. പ്രതിപക്ഷത്തെ മുൻനിര നേതാക്കൻമാർ സമരത്തെ അഭിവാദ്യം ചെയ്യുമെന്നും സെറ്റോ നേതാക്കള്‍ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
സർക്കാർ ജീവനക്കാരുടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ് ധനമന്ത്രി ബാലഗോപാൽ. ഡി.എ കുടിശിക നൽകാത്തത് മൂലം സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 1.09 ലക്ഷം മുതൽ 6.56 ലക്ഷം വരെയാണ്.
21 ശതമാനം ഡി.എ ആണ് ജീവനക്കാർക്ക് നൽകാനുള്ളത്. ഇതിൽ 2 ശതമാനം ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹമായ കുടിശിക ബാലഗോപാൽ തടഞ്ഞ് വച്ചു. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലാണ്.
2021 ജനുവരിയിലെ 2 ശതമാനം, 2021 ജൂലൈയിലെ 3 ശതമാനം, 2022 ജനുവരിയിലെ 3 ശതമാനം , 2022 ജൂലൈയിലെ 3 ശതമാനം, 2023 ജനുവരിയിലെ 4 ശതമാനം, 2023 ജൂലൈയിലെ 3 ശതമാനം, 2024 ജനുവരിയിലെ 3 ശതമാനം ഡി.എ ആണ് സംസ്ഥാന സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്.
ഇതിൽ 2021 ജനുവരിയിലെ 2 ശതമാനം ഡി.എ പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ അർഹതപ്പെട്ട കുടിശിക ഇല്ല. അർഹമായ 21 ശതമാനം ഡി.എ കുടിശിക ലഭിക്കാത്തത് മൂലം ഓരോ ജീവനക്കാരന് നഷ്ടപ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അറിയാം.
തസ്തിക | അടിസ്ഥാന ശമ്പളം | നഷ്ടം |
ഓഫിസ് അറ്റൻഡൻ്റ് | 23,000 | 1,09,020 |
ക്ലർക്ക് | 26,500 | 1,25,610 |
സിവിൽ പോലീസ് ഓഫിസർ | 31,100 | 1,47,414 |
സ്റ്റാഫ് നേഴ്സ് | 39,300 | 1,86,282 |
ഹൈസ്ക്കൂൾ ടീച്ചർ | 45,600 | 2,16,144 |
സബ് ഇൻസ്പെക്ടർ | 55,200 | 2,61,648 |
സെക്ഷൻ ഓഫിസർ | 56,500 | 2,67,810 |
ഹയർ സെക്കണ്ടറി ടീച്ചർ | 59,300 | 2,81,082 |
അണ്ടർ സെക്രട്ടറി | 63,700 | 3,01,938 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85,000 | 4,02,900 |
സിവിൽ സർജൻ | 95,600 | 4,53,144 |
ഡപ്യൂട്ടി സെക്രട്ടറി, | 1,07,800 | 5,10,972 |
ജോയിൻ്റ് സെക്രട്ടറി, | 1,23,700 | 5,86,338 |
അഡീഷണൽ സെക്രട്ടറി, | 1,40,500 | 6,65,970 |