ചെറുതുരുത്തി:ഡോ. ആർഎൽവി. രാമകൃഷ്ണൻ കലാമണ്ഡലമെന്ന സ്വപ്നവേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. പുരുഷ മോഹിനിയാട്ട അവതരണത്തെക്കുറിച്ചും നിറത്തെക്കുറിച്ചും നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ട അവതരണം സംഘടിപ്പിച്ചത്.
രാമകൃഷ്ണൻ തന്നെ ചിട്ടപ്പെടുത്തിയ പുരുഷകേന്ദ്രീകൃതമായ മൂന്ന് മോഹിനിയാട്ട അവതരണമാണ് നടന്നത്. രാമായണത്തിൽ ഹനുമാൻ തന്റെ വിധേയത്വവും സ്നേഹവും ശ്രീരാമനു മുന്നിൽ മാറുപിളർത്തി തുറന്നുകാട്ടുന്ന സന്ദർഭം. ഉള്ളിലെ വീരം കാഴ്ചക്കാരിലേക്ക് പകർന്നുനൽകാൻ രാമകൃഷ്ണനായി.
നൃത്താവതരണത്തിനുശേഷം വിദ്യാർഥിയൂണിയൻ രാമകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ, അക്കാദമിക് കോ-ഓർഡിനേറ്റർ വി. അച്യുതാനന്ദൻ, കെ.ബി. രാജാനന്ദ് തുടങ്ങിയവർ മോഹിനിയാട്ട അവതരണം കാണാൻ എത്തിയിരുന്നു.
കലാമണ്ഡലത്തിലെ അദ്ധ്യയന വിഷയങ്ങളിൽ നർത്തകർക്കു കൂടി അവസരം ഉണ്ടാകണമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഭാരതീയ കലാരൂപങ്ങളിൽ സ്ത്രീകൾ മാത്രം ചെയ്തിരുന്നത് പിന്നീട് സ്ത്രീയും പുരുഷനും ഒന്നിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം മോഹിനിയാട്ടത്തിലും ഉണ്ടായിട്ടുണ്ട്. വള്ളത്തോളിന്റെ സ്വപ്നഭൂമിയായ കലാമണ്ഡലത്തിൽ പുരുഷനായി നിന്ന് മോഹിനിയാട്ടം ലിംഗവിവേചനമില്ലാതെ അവതരിപ്പിക്കാൻ കഴിയണം. അത്തരത്തിലുള്ള ഗവേഷണ പ്രബന്ധമാണ് 2017ൽ ഡോ. എൻ.കെ. ഗീതയ്ക്ക് കീഴിൽ കലാമണ്ഡലത്തിൽ പി.എച്ച്.ഡിക്ക് അവതരിപ്പിച്ചത്.