മന്ത്രി വീണ ജോര്‍ജ് വാടക ഫ്ലാറ്റിലെ താമസം മതിയാക്കി, നവീകരിച്ച ഔദ്യോഗിക വസതിയിലേക്ക് മാറി

ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: വാടക ഫ്ലാറ്റിലെ താമസം ഒഴിവാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. അഹമ്മദ് ദേവർകോവിൽ ഒഴിഞ്ഞ വഴുതക്കാട്, തൈക്കാട് ഹൗസിലേക്കാണ് വീണ ജോർജ് താമസം മാറിയത്.

2021 മെയ് മാസം ആരോഗ്യ മന്ത്രിയായതിനെ തുടർന്ന് വീണ ജോർജിന് ഔദ്യോഗിക വസതിയായി അനുവദിച്ചത് കൻ്റോൺമെൻ്റ് ഹൗസിനടുത്തുള്ള “നിള “യായിരുന്നു. കെ. കെ. ശൈലജ മന്ത്രിയായിരുന്നപ്പോൾ താമസിച്ചത് “നിള”യിലായിരുന്നു. തുടക്കം മുതൽ ഔദ്യോഗിക വസതിയിൽ സൗകര്യം പോര എന്ന പരാതി വീണ ജോർജ് ഉയർത്തിയിരുന്നു.

നവീകരണ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇക്കാലയളവിൽ 50 ലക്ഷം രൂപയോളം നിളക്കായി ചെലവഴിച്ചു. എന്നാലും വീണക്ക് തൃപ്തി ആയില്ല. ഏറെ നാളത്തെ പരാതിക്ക് ശേഷം 2023 ഡിസംബറിൽ ഔദ്യോഗിക വസതി ഒഴിയാൻ പിണറായി വീണക്ക് അനുമതി നൽകി.

നിളയിൽ നിന്നിറങ്ങിയ വീണ നന്ദൻകോടിനടുത്തുള്ള ആഡംബര ഫ്ലാറ്റിലേക്ക് മാറി. വാടകയും ഫ്ലാറ്റിലെ മറ്റ് സൗകര്യങ്ങൾക്കുമായി 25 ലക്ഷം രൂപയോളം ഖജനാവിൽ നിന്ന് ചെലവായി എന്നാണ് ലഭിക്കുന്ന സൂചന. ആഡംബരങ്ങളോട് അകലം പാലിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഔദ്യോഗിക വസതിയായി “നിള” അനുവദിച്ചു.

കടന്നപ്പള്ളിയും കുടുംബവും സൗകര്യം പോര എന്ന് വീണ ആക്ഷേപം പറഞ്ഞ “നിള” യിൽ സസുഖം വാഴുന്നു. അഞ്ച് വർഷം താമസിച്ചിട്ടും “സൗകര്യം പോരാ” എന്ന പരാതി കെ. കെ. ശൈലജയ്ക്കും ഉണ്ടായിരുന്നില്ല. വീണ ജോർജിൻ്റെ താമസം പ്രമാണിച്ച് തൈക്കാട് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ ചെലവായി എന്നാണ് മരാമത്ത് വകുപ്പിൽ നിന്നുള്ള റിപ്പോർട്ട്. ഇതിൻ്റെ കണക്കുകൾ അടുത്ത ദിവസങ്ങളിൽ മലയാളം മീഡിയ പുറത്ത് വിടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments