
യുദ്ധത്തിന് താൽക്കാലിക വിരാമം? ഇസ്രായേലും ഇറാനും വെടിനിർത്തലിന്; അപ്രതീക്ഷിത പ്രഖ്യാപനവുമായി ട്രംപ്
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം. ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. അമേരിക്കൻ സമയം തിങ്കളാഴ്ച അർദ്ധരാത്രിയോടെ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി ദിവസങ്ങൾക്കകമാണ് ഈ നിർണായക പ്രഖ്യാപനം വരുന്നത്. “ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായി. 12 മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ. ഇതോടെ യുദ്ധം അവസാനിച്ചതായി കണക്കാക്കും!” – ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു. പോരാട്ടത്തിന് ശാശ്വതമായ അന്ത്യം കുറിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ വർഷിച്ചിരുന്നു. ദോഹയ്ക്ക് സമീപമുള്ള ഈ താവളത്തിൽ പതിനായിരത്തോളം യുഎസ് സൈനികരാണുള്ളത്. എന്നാൽ മിസൈലുകൾ വിജയകരമായി തകർത്തുവെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തർ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ച വ്യോമപാത പിന്നീട് സുരക്ഷിതമാണെന്നും ഖത്തർ അറിയിച്ചു. യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ അടച്ചിരുന്നു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘർഷത്തിൽ, ടെഹ്റാനിലെ സർക്കാർ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേലും ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം വന്നിരിക്കുന്നത്.