കാലിതൊഴുത്തും ചാണകകുഴിയും ഉൾപ്പെടെ 2021 മെയ് മാസത്തിനു ശേഷം ക്ലിഫ് ഹൗസിൽ നടന്നത് 1.85 കോടിയുടെ മരാമത്ത് പ്രവൃത്തികളെന്ന് റിയാസ്
നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതൊക്കെ കള്ളമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.. അതങ്ങനെയാണോ എന്ന് പരിശോധിച്ചാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസിന്റെ കാര്യം മുതല്‍ പറയുന്നതൊക്കെയും അസത്യമാണെന്ന് നമുക്ക് ബോധ്യമാകും. ക്ലിഫ് ഹൗസിലെ കാര്യം മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് തെളിയിച്ചത് പിണറായി വിജയന്റെ മരുമകനും സംസ്ഥാനത്തെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയായ പി.എ. മുഹമ്മദ് റിയാസും.
ക്ലിഫ് ഹൗസില്‍ കാലിതൊഴുത്തിന്റെ നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചെലവാക്കിയെന്ന വാര്‍ത്തകള്‍ അസംബന്ധമെന്നമാണെന്ന് പിണറായി വിജയന്‍ തന്റെ സന്ധ്യാനേര വാര്‍ത്താ സമ്മേളനത്തില്‍ അന്ന് ശക്തമായി ഉറപ്പിച്ച് ആര്‍ക്കും സംശയം വേണ്ട എന്ന തരത്തില്‍ പറഞ്ഞുവെച്ചു. എന്നാല്‍ ക്ലിഫ് ഹൗസിലെ കാര്യങ്ങള്‍ നോക്കുന്ന പി.എ. മുഹമ്മദ് റിയാസിന് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. അത് വെളിപ്പെടുത്തിയത് നിയമസഭയിലും. കാലിതൊഴുത്തും ചാണകകുഴിയും ഉള്‍പ്പെടെ 2021 മെയ് മാസത്തിനു ശേഷം ക്ലിഫ് ഹൗസില്‍ നടന്നത് ഒരുകോടി 85 ലക്ഷം രൂപയിലും കൂടുതല്‍ രൂപയുടെ മരാമത്ത് പ്രവൃത്തികളെന്ന് മന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി.
ഷാഫി പറമ്പില്‍ എംഎല്‍എ ഫെബ്രുവരി 15ന് ഉന്നയിച്ച ചോദ്യത്തിന് മുഹമ്മദ് റിയാസ് വൈകിയാണെങ്കിലും ഉത്തരം നല്‍കിയിട്ടുണ്ട്. 1,85,23,525 രൂപയുടെ പ്രവൃത്തികള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസില്‍ മരാമത്ത് വകുപ്പ് മുഖേന ചെയ്തു എന്നാണ് റിയാസിന്റെ മറുപടി. എന്നിട്ടും മുഖ്യമന്ത്രിക്ക് പരാതി അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍ മരപ്പട്ടി മൂത്രമൊഴിക്കുന്നുവെന്ന്. മരപ്പട്ടികള്‍ക്ക് കോടികളുടെ വിലയറിയാതെ പോയല്ലെ എന്നായിരിക്കും.
മുഖ്യമന്ത്രി കള്ളം പറഞ്ഞതാണെന്ന് മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസിന്റെ നിയമസഭ മറുപടിയില്‍ നിന്ന് വ്യക്തമാണ്. 42.50 ലക്ഷത്തിന്റെ കാലിതൊഴുത്തിന് 34.12 ലക്ഷം ആണ് മറുപടിയില്‍ കാണിച്ചിരിക്കുന്നത്. കാലിതൊഴുത്തിനോട് അനുബന്ധിച്ച് മറ്റ് വര്‍ക്കുകള്‍ക്കാകും ബാക്കി തുക ചെലവഴിച്ചിരിക്കുന്നത്. ചാണകക്കുഴിയും പുതിയ ടോയ്‌ലെറ്റും ലിഫ്റ്റും അടക്കം ക്ലിഫ് ഹൗസിന് വേണ്ടി ചെലവഴിച്ച കണക്കുകള്‍ എല്ലാം ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നീന്തല്‍കുളം, കര്‍ട്ടന്‍ തുടങ്ങീ ടൂറിസം വകുപ്പ് ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റിയാസ് വ്യക്തമാക്കിയിട്ടില്ല.ടൂറിസം വകുപ്പ് മുഖേന ചെയ്ത പ്രവൃത്തികള്‍ 2 കോടിക്ക് മുകളില്‍ വരും.
ലിഫ്റ്റ് | 16,29,462 |
ഡ്രെയിനേജ്, വാട്ടര്‍ സപ്ലൈ ലൈന്‍ | 4,89,0019 |
സ്റ്റാഫുകളുടെ വിശ്രമമുറി | 72,45,703 |
പെയിന്റിംഗ് | 6,89,194 |
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം | 6,12,603 |
ചാണകകുഴി | 3,52,493 |
കാലി തൊഴുത്ത് | 34,12,477 |
ടോയ്‌ലെറ്റ് | 1,03,047 |
അടുക്കള സീലിംഗ്, കപ്പ് ബോര്‍ഡ് നിര്‍മാണവും | 2,42,247 |
ഫസ്റ്റ് ഫ്‌ലോറില്‍ ഗ്രില്‍ | 97,607 |
കപ്പ് ബോര്‍ഡ് | 1,36,472 |
ഷെല്‍ഫ് | 68,654 |
സെക്യൂരിറ്റി ശക്തിപ്പെടുത്താനുള്ള നിര്‍മ്മാണം | 28,72,540 |
പൈപ്പ് മാറ്റല്‍ | 4,30,170 |
ബാത്ത് റൂം നവീകരണം | 1,42,127 |
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. മരാമത്ത്, ടൂറിസം വകുപ്പ് വഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കുന്നത്. രണ്ടിന്റേയും മന്ത്രി പി.എ. മുഹമ്മദ് റിയാസും. ക്ലിഫ് ഹൗസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിരന്തരം ചോദ്യം ഉന്നയിക്കുമെങ്കിലും കൃത്യമസമയത്ത് മറുപടി കിട്ടാറില്ല.
വിവരവകാശവും ടെണ്ടര്‍ വിശദാംശങ്ങളും വഴിയാണ് ക്ലിഫ് ഹൗസിലെ ചെലവുകള്‍ സംബന്ധിച്ച കോടികളുടെ കഥ പുറംലോകം അറിയുന്നത്. ക്ലിഫ് ഹൗസിനായി ചെലവഴിക്കുന്ന കോടികളുടെ കണക്കുകള്‍ ഇന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അതുകൊണ്ട് തന്നെ മരാമത്ത് വകുപ്പ് മുഖേന ക്ലിഫ് ഹൗസില്‍ ഈ മന്ത്രിസഭയുടെ കാലത്ത് നടന്ന ചെലവുകള്‍ അക്കമിട്ട് ഉത്തരം തരാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് മുഹമ്മദ് റിയാസ്.