ഡൽഹി: ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിംഗ് പന്നുവിന്റെ വെളിപ്പെടുത്തൽ. 2014 നും 2022 നും ഇടയിൽ ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ (ഏകദേശം 133.54 കോടി രൂപ) കൈപ്പറ്റിയെന്നാണ് പന്നുവിന്റെ ആരോപണം.
2014ൽ ന്യൂയോർക്കിൽ വച്ച് കേജ്‌രിവാളും ഖാലിസ്ഥാൻ അനുകൂലികളും കൂടിക്കാഴ്ച നടത്തിയെന്നും ഈ കൂടിക്കാഴ്ചയിലാണ് പണത്തിന് പകരമായി ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതതെന്നും പന്നു ആരോപിക്കുന്നു. 2014ൽ പണം കൈപ്പറ്റുകയും, പ്രത്യുപകാരമായി 1993ലെ ഡൽഹി സ്‌ഫോടനക്കേസ് പ്രതിയായ ഭീകരൻ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ വിട്ടയയ്‌ക്കാൻ കേജ്‌രിവാൾ നിർദേശിച്ചെന്നും പന്നു ആരോപിച്ചു.
സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് പന്നുവിന്റെ വെളിപ്പെടുത്തൽ.ഭുള്ളറിന് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2014ൽ സുപ്രീം കോടതി അത് ജീവപര്യന്തമാക്കിയിരുന്നു. ഇതാദ്യമായിട്ടല്ല കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ പന്നു രംഗത്തെത്തുന്നത്.
കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് ആറ് മില്യൺ ഡോളർ കൈപ്പറ്റിയതായി കഴിഞ്ഞ ജനുവരിയിൽ പന്നു ആരോപിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലാണ് കേജ്‌രിവാളിപ്പോൾ. മാർച്ച് ഇരുപത്തിയെട്ടിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.