ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പലതവണ ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് മാറ്റിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. മുന്‍ ക്യാപ്റ്റന് ഹാര്‍ദിക് പാണ്ഡ്യ ഒരു വിലയും നല്‍കുന്നില്ലെന്നാണ് ആരാധകരുടെ പരാതി.

മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഗുജറാത്ത് ടൈറ്റന്‍സിനെ ഉപേക്ഷിച്ച് മുംബൈയിലേക്കുള്ള ഹര്‍ദിക്കിന്റെ അപ്രതീക്ഷിത ടീം പ്രവേശനം മുതല്‍ വലിയ വിഭാഗം ആരാധകര്‍ അത്ര ഹാപ്പിയല്ല.

ഹാര്‍ദിക്കിനെ കൂവലോടെയാണ് അഹമ്മദാബാദിലെത്തിയ ടീം ആരാധകര്‍ എതിരേറ്റത്. മാത്രമല്ല രോഹിത്.., രോഹിത്.. എന്ന ഉറക്കെ മുഴക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മുംബൈ, അഹമ്മദാബാദ് ആരാധകര്‍ ഒരുമിച്ചായിരുന്നു. രണ്ട് സീസണ്‍ നയിച്ച ശേഷം ഗുജറാത്തിനെ കൈവിട്ടത് അവരുടെ ആരാധകരേയും ചൊടിപ്പിച്ചു. ഹാര്‍ദിക് പണത്തിന് പിന്നാലെ പോയെന്ന് അന്നുതന്നെ ഗുജറാത്ത് ആരാധകര്‍ വാദിച്ചിരുന്നു.

ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ ശരീരഭാഷയും ആരാധകര്‍ക്ക് രസിച്ചിട്ടില്ല. പ്രത്യേകിച്ച് രോഹിത്തിനെ കൈകാര്യം ചെയ്ത രീതി. രോഹിത്തിനോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ ഹാര്‍ദിക് നിര്‍ദേശിക്കുന്നത് വീഡിയോയില്‍ ദൃശ്യമായിരുന്നു. രോഹിത്തിനെ ഫീല്‍ഡിംഗ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴാണ് ഹാര്‍ദിക് ഒട്ടും മയമില്ലാതെ സംസാരിച്ചത്. രോഹിത് ക്യാപ്റ്റനെ അനുസരിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്കും അത്ര പിടിച്ചില്ല. വീഡിയോ കാണാം…

മത്സരത്തില്‍ മുംബൈ തോല്‍ക്കുക കൂടി ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ഹാര്‍ദിക്കിനെതിരെ രോഷം ശക്തമാകുകയാണ്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുന്‍ ക്യാപ്റ്റന് ഹാര്‍ദിക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തില്‍ ആറു റണ്‍സ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 168 റണ്‍സായിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ബാറ്റിങ്ങിലും ഹാര്‍ദിക് പാണ്ഡ്യയ്ക്കു മികച്ച സ്‌കോര്‍ നേടാനായില്ല. 11 റണ്‍സെടുത്താണു താരം പുറത്തായത്. ഉമേഷ് യാദവിന്റെ പന്തില്‍ രാഹുല്‍ തെവാത്തിയ ക്യാച്ചെടുത്താണു പാണ്ഡ്യയെ പുറത്താക്കിയത്. അതേസമയം 29 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 43 റണ്‍സെടുത്തു.