മാലിദ്വീപ് : ‘ശാഠ്യം’ അവസാനിപ്പിക്കണം. അയൽരാജ്യമായ ഇന്ത്യയുമായുള്ള സ്വരച്ചേർച്ച ചർച്ച നടത്തി സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക്കണം. മാലിദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഭരണ ഉപദേശം നൽകി . മാലെയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് നിലവിലെ പ്രസിഡന്റിനു മുൻ പ്രസിഡന്റ് ‘ഉപദേശം’ നൽകിയത്.
കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് ഇന്ത്യയ്ക്കു മാലദ്വീപ് നൽകാനുള്ളത്. ഇതിൽ ഇളവ് വരുത്തണമെന്നാണ് കഴിഞ്ഞയാഴ്ച മുയിസു ആവശ്യപ്പെട്ടത്. എന്നാൽ മാലദ്വീപിന്റെ സാമ്പത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്പാ കുടിശ്ശിക മൂലമല്ലെന്ന് സോലിഹ് പറഞ്ഞു.
ഇന്ത്യയെക്കാൾ കൂടുതൽ ചൈനയ്ക്കാണ് നൽകാനുള്ളതെന്നും 25 വർഷമാണ് വായ്പയുടെ കാലാവധിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനഃരാരംഭിക്കുക മാത്രമാണെന്നും മുൻ പ്രസിഡന്റ് പറഞ്ഞു. ആ നുണകൾ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നവംബറിലാണു മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്. ഇതിനുശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ചൈനയോട് ആഭിമുഖ്യം പുലർത്താൻ ആഗ്രഹിക്കുന്ന മുയിസു, മേയ് പത്തിനകം ദ്വീപിലുള്ള ഇന്ത്യൻ സേനാവിന്യാസം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ആദ്യ ബാച്ച് ഈ മാസമാദ്യം ഇന്ത്യയിലേക്കു തിരിച്ചെത്തി.
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് 70 നോട്ടിക്കൽ മൈൽ മാത്രമാണു മാലദ്വീപിലേക്കുള്ള ദൂരം. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള വൈദ്യസഹായങ്ങൾ ഇന്ത്യയാണു നൽകുന്നത്. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ എയർക്രാഫ്റ്റും ഏർപ്പെടുത്തിയിരുന്നു. മാലദ്വീപ് മന്ത്രി ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങൾ നടത്തുകയും, ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തതോടെയാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
എന്നാൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പു വരാനിരിക്കുന്ന പശ്ചാത്തലത്തിലാണു നിലപാടു മാറ്റവുമായി മുയിസു രംഗത്തുവന്നത്. മാലദ്വീപുമായി ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു മുയിസു പറഞ്ഞു. വലിയ തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും, തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് ആവശ്യം. നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു.