Kerala

ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കേരള കലാമണ്ഡലം; കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കും

തൃശൂര്‍: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.

ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച കലാമണ്ഡലത്തിന്‍റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.

അതേസമയം നൃത്താവതരണത്തിന് നേരത്തെ സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചിരുന്നു. തനിക്ക് അന്നേ ദിവസം തിരക്കാണെന്ന് കാട്ടിയാണ് സുരേഷ് ഗോപിയുടെ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ നിരസിച്ചത്.

Read Also: സത്യഭാമയെ കലാമണ്ഡലത്തില്‍ കയറ്റിയത് CPM നേതാവ്

മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നുമെല്ലാമാണ് കലാമണ്ഡലം സത്യഭാമയെന്നും കലാമണ്ഡലം സത്യഭാമ ജൂനിയറെന്നുമെല്ലാം അറിയപ്പെടുന്ന കലാകാരി പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ഈ വംശീയാധിക്ഷേപം പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സംഗതി വിവാദമായതോടെ മന്ത്രിമാര്‍ അടങ്ങുന്ന പ്രമുഖര്‍ രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കേരള കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളി രാമകൃഷ്ണന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *