തിരുവനന്തപുരം : ഗവർണർ പുറത്താക്കും മുൻപേ വൈസ്ചാൻസലർ സ്ഥാനത്തു നിന്ന് രാജിവച്ച് ഒഴിഞ്ഞ് സ്വകാര്യ സർവകലാശാലയിൽ വി.സിയാവാനുള്ള ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷയുടെ കള്ളക്കളി പൊളിച്ചടുക്കി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്നുള്ള ഡോ.പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ തള്ളി .
ഒരു മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സഹോദരനായ പാഷയെ വി.സിയാക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ഗവർണർ കണ്ടെത്തിയത്. പാഷയ്ക്ക് വി.സിയാവാനുള്ള യോഗ്യതയില്ലെന്ന് യു.ജി.സിയും വ്യക്തമാക്കിയിട്ടുണ്ട്. കെ.ടി ജലീൽ മന്ത്രിയായിരിക്കെയാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ വി.സിയായി പാഷയെ അവരോധിച്ചത്. മുബാറക് പാഷയുടെ രാജിക്കത്ത് അംഗീകരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലാ രജിസ്ട്രാറെ അറിയിച്ചു.
നിയമനത്തിൽ അപാകതയുണ്ടെന്നുെം വി.സിയാവാൻ മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഗവർണർ പുറത്താക്കാൻ ഹിയറിംഗിന് വിളിച്ചപ്പോഴാണ് പാഷ രാജിവച്ചത്. എന്നാൽ പാഷയുടെ നിയമനം നിയമവിരുദ്ധമായതിനാൽ, അദ്ദേഹം നൽകിയ രാജിക്കത്ത് സർവകലാശാലാ ചട്ട പ്രകാരമുള്ള രാജിക്കത്തായി പരിഗണിക്കാനാവില്ലെന്ന് ഗവർണർ രേഖാമൂലം രജിസ്ട്രാറെ അറിയിച്ചു.
യു.ജി.സിയിൽ നിന്ന് വിശദീകരണം ലഭിച്ചശേഷം പാഷയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരുമാസത്തെ നോട്ടീസ് കാലാവധി തീരുന്ന ഇന്ന് താൻ സ്ഥാനമൊഴിയുമെന്ന് പാഷ പ്രഖ്യാപിച്ചിരിക്കെയാണ് ഗവർണറുടെ അപ്രതീക്ഷിത നടപടി. ഇതോടെ പാഷയ്ക്ക് സ്ഥാനമൊഴിയാനാവില്ല. ഫെബ്രുവരി 22നാണ് പാഷ വി.സി സ്ഥാനം രാജിവച്ച് ഗവർണർക്ക് കത്ത് നൽകിയത്. വാഴ്സിറ്റി ചട്ടം 11(9) പ്രകാരമായിരുന്നു ഒരുമാസത്തെ നോട്ടീസ്. എന്നാൽ രാജിക്കത്ത് ഗവർണർ സ്വീകരിച്ചില്ല.