കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് പ്രതീക്ഷിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും. ഇന്ന് രാവിലെ തൃശൂര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങളെക്കുറിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇഡി അറസ്റ്റ് ഉണ്ടായാലുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
45 മിനിട്ടോളം മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച നീണ്ടു. കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് മുഖ്യമന്ത്രി തൃശൂര്‍ ജില്ലാ ആസ്ഥാനത്ത് എത്തിയത്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെയുണ്ടാകുമെന്ന ഉറപ്പ് നേതാക്കള്‍ക്ക് നല്‍കുക എന്ന ഉദ്ദേശമാണ് മുഖ്യമന്ത്രിക്കുള്ളത്.
കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളായ മൂന്നുപേരാണ് അറസ്റ്റ് പ്രതീക്ഷിക്കുന്നത്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്തീന്‍, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്‍ എന്നിവര്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് അറിയുന്നത്.
കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇഡിയുടെ അന്വേഷണം മന്ദഗതിയിലായതിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിലും ഇഡിയുടെ നടപടി പ്രതീക്ഷിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും.