
ചരിത്രത്തിലാദ്യമായി പന്നിയുടെ വൃക്കയിലൂടെ മനുഷ്യന് രണ്ടാം ജന്മം
വാഷിങ്ടൺ : ആരോഗ്യ മേഖലയിൽ പുത്തൻ കണ്ടു പിടുത്തം. ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചു പിടിപ്പിച്ചു . അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് വൈദ്യശാസ്ത്രരംഗത്തെ ഈ നിർണായക ചുവടുവെപ്പിനുപിന്നിൽ. മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് മനുഷ്യനിൽ പന്നിയുടെ വൃക്ക പിടിപ്പിച്ച് അത്യപൂർവനേട്ടം സ്വന്തമാക്കിയത്.
ശനിയാഴ്ചയാണ് അറുപത്തി രണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. വൃക്കരോഗംമൂലം ജീവിതം എണ്ണപ്പെട്ടയാളാണ് പന്നിയുടെ വൃക്കയിലൂടെ രണ്ടാംജന്മം നേടിയത്. ആരോഗ്യരംഗത്തെ നാഴികക്കല്ലായി ഈ ശസ്ത്രക്രിയ വിശേഷിപ്പിക്കപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു.

ലോകമെമ്പാടുംതന്നെ അവയവദാനത്തിന് പലതടസ്സങ്ങളും നേരിടുന്ന സാഹചര്യമുള്ളതിനാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വൃക്കരോഗംമൂലം വലയുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്ന് ശസ്ത്രക്രിയയിൽ പങ്കാളിയായ ഡോ. ടാറ്റ്സുവോ കവായ് പറഞ്ഞു. ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പന്നിയുടെ വൃക്ക മനുഷ്യനിൽ ഘടിപ്പിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
റിച്ചാർഡ് സുഖംപ്രാപിച്ചു വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവമൂലം വലഞ്ഞിരുന്ന റിച്ചാർഡിന് 2018ലാണ് വൃക്കരോഗത്തേത്തുടർന്ന് മനുഷ്യന്റെ വൃക്ക തന്നെ മാറ്റിവെച്ചത്. എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാവുകയും ഡയാലിസിസ് ആരംഭിക്കുകയുമായിരുന്നു.
തനിക്കുവേണ്ടി മാത്രമല്ല അവയവദാനത്തിലൂടെ പുതുജീവനായി കാത്തിരിക്കുന്ന മറ്റനേകംപേർക്കു വേണ്ടികൂടിയാണ് പന്നിയുടെ വൃക്ക സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് റിച്ചാർഡ് പറഞ്ഞു. ഒരു സ്പീഷീസിൽ നിന്ന് മറ്റൊരു സ്പീഷീസിലേക്ക് അവയവം ദാനം ചെയ്യുന്ന രീതിയെ ക്സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് വിളിക്കുന്നത്. നേരത്തേ പന്നിയിലെ വൃക്ക മസ്തിഷ്കമരണം സംഭവിച്ചവരിൽ വച്ചുപിടിപ്പിച്ചിരുന്നു. നേരത്തേ പന്നിയുടെ ഹൃദയം രണ്ടുമനുഷ്യരിലേക്ക് പിടിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു.
അമേരിക്കയിൽ തന്നെയാണ് ഇതും നടന്നത്. പക്ഷേ ഇരുവരും രണ്ടുമാസങ്ങൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തിരുന്നു. മനുഷ്യരുടെ അവയവങ്ങള്‍ ലഭിക്കുന്നതിലെ വലിയ കുറവ് കാരണം ലോകത്താകമാനം അവയവമാറ്റ ശസ്ത്രികയകള്‍ വലിയ പ്രതിസന്ധിയിലാണ്.
ഇതിനെ തുടര്‍ന്ന് മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വെച്ചുപിടിപ്പിക്കാനുള്ള ഗവേഷണങ്ങളും സജീവമായിരുന്നു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്.