തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസിനെതിരെ പരാതികളും പരിഭവങ്ങളുമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ മുതല്‍ ഡ്രൈവർമാർ വരെ. മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന അധികാരത്തില്‍ സംഘടനാ നേതാക്കളെ പോലും വിരട്ടിയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഭരണം എന്നാണ് ഇവരുടെ പരാതി.
അഞ്ച് സര്‍ക്കാര്‍ വണ്ടികള്‍ ഒരേ സമയം വീട്ടുമുറ്റത്ത് വേണം. രണ്ടെണ്ണം പട്ടികജാതി വകുപ്പില്‍ നിന്നും, ഒരെണ്ണം പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും, ഓരോന്ന് വീതം പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും നികുതി വകുപ്പില്‍ നിന്നുമാണ്. ഇത് കൂടാതെ മുന്‍ ഭാര്യ ഇഷിതാ റോയുടെ വകുപ്പിലെ വാഹനങ്ങളും യഥേഷ്ടം ജയതിലകിന്റെ വീട്ടാവശ്യത്തിന് ഓടുന്നുണ്ട്. നിലവിലെ ഭാര്യയുടെ ബിസിനസ് അവശ്യങ്ങള്‍ക്കാണ് പ്രധാനമായും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
ഡ്രൈവര്‍ക്ക് ഓട്ടമില്ലെങ്കിലും വീട്ടിലോ ഓഫീസിലോ സദാ ഹാജര്‍ വേണം. ഓഫീസിലെ ലാന്റ് ലൈന്‍ നമ്പറില്‍ ഓരോ മണിക്കൂറിലും വിളിച്ച് അവരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ പി.എക്ക് പ്രത്യേക നിര്‍ദ്ദേശമുണ്ട്. കുടുംബക്കാരുടെയും ഭാര്യ വീട്ടുകാരുടെ ബിസിനസ് ആവശ്യത്തിനും ഏത് പാതിരാത്രിയിലും എവിടേക്കും പോകാന്‍ തയ്യാറായി വേണം ഡ്രൈവര്‍ ഡ്യൂട്ടിക്ക് വരാന്‍. രണ്ടോ മൂന്നോ ദിവസം നിര്‍ത്താതെ ഓടേണ്ടി വരാം. അവധി ദിവസങ്ങളിലും ഭാര്യക്കും കുടുംബത്തിനും യാത്ര ചെയ്യാന്‍ വാഹനവും മറ്റ് സൗകര്യങ്ങളും നല്‍കേണ്ട അവസ്ഥയിലാണ് നികുതി വകുപ്പിലെയും പട്ടികജാതി വകുപ്പിലെയും ഉദ്യോഗസ്ഥര്‍. എന്നാല്‍ രേഖാമൂലം വാഹനങ്ങള്‍ കീഴുദ്യോഗസ്ഥരുടെ പേരില്‍ ഓടുന്നതിനാല്‍ അപകടമോ വിവാദമോ ഉണ്ടായാല്‍ അവരാണ് കുടുങ്ങുക.
പിൻവാതില്‍ നിയമന വിവാദം
സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായി നിയമിതനായിരുന്ന കാലഘട്ടത്തില്‍ നിലവിലെ ഭാര്യയുടെ പേരിലുള്ള സ്വകാര്യ കമ്പനിക്ക് 4.5 കോടിയുടെ അനധികൃത വരുമാനം നേടിക്കൊടുത്തത് വിവാദമായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലെ മകള്‍ക്ക് സ്‌പൈസസ് ബോര്‍ഡില്‍ ഉന്നത തസ്തികയില്‍ പിന്‍വാതില്‍ നിയമനം നല്‍കിയതും വിവാദമായിരുന്നു.
സ്‌പൈസസ് ബോര്‍ഡിലെ പോലെ, നികുതി വകുപ്പിലെ കീഴുദ്യോഗസ്ഥരും യാത്രകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ സമ്മാനങ്ങളും പാരിതോഷികങ്ങളുമായി വേണം കാണാന്‍ വരാന്‍ എന്ന് സി.എ മുഖാന്തരം എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി നിര്‍ദ്ദേശമുണ്ട്. ഇടക്കിടെ മൂന്നാറിലും വയനാട്ടിലും റിസോര്‍ട്ടുകളില്‍ സൗജന്യ താമസം ഒരുക്കേണ്ടതും ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. സഹികെട്ട് ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും പരിഹാരം കാണാനാവാതെ വട്ടം കറങ്ങിയിരിക്കുകയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.
കോടിക്കണക്കിന് രൂപ ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളവര്‍ക്ക് സെക്രട്ടറിയുടെ പ്രത്യേക സെറ്റില്‍മന്റ് സൗകര്യം ഒരുക്കാനും നീക്കം വന്നതോടെ വകുപ്പില്‍ അസംതൃപ്തി പുകയുകയാണ്.
മുന്‍പ് ഡോ. ജയതിലക് റവന്യു വകുപ്പ് സെക്രട്ടറി ആയിരുന്നപ്പോള്‍ കീഴ് ജീവനക്കാരോട് മോശമായി പെരുമാറിയ വിഷയം നേരത്തെ ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുത്തിരുന്നു. വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ ഉത്തരവിറക്കിയതും ഡോ. ജയതിലകായിരുന്നു. അശ്ലീലച്ചുവയോടെ പെരുമാറിയതിനെതിരെ വനിതാ ജീവനക്കാരി ചീഫ് സെക്രട്ടറിക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് റവന്യു വകുപ്പില്‍ നിന്ന് ഡോ. ജയതിലകിനെ ഒഴിവാക്കി. ഇതിന് മുന്‍പ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മന്റെ പരാതിയെത്തുടര്‍ന്ന് പ്ലാനിംഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ജയതിലകിനെ മാറ്റിയിരുന്നു.
ഉദ്യോഗസ്ഥരുടെ കൂട്ട പാലായനം
ഇപ്പോള്‍ പട്ടികജാതി വകുപ്പിലും ഡോ. ജയതിലക് സമാനമായ പല ഇടപെടലുകളും നടത്തിയതിന്റെ ഫലമായി ഉദ്യോഗസ്ഥര്‍ കൂട്ട പാലായനം ചെയ്യുന്നതായി സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറയുന്നു. ഒരു മാസം മുന്‍പ് സ്‌പെഷ്യല്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തലത്തിലുള്ളവര്‍ കൂട്ടത്തോടെ മാറ്റത്തിന് അപേക്ഷിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയും ഇടപെട്ടിട്ടും ജയതിലകിന്റെ പെരുമാറ്റം നിയന്ത്രിക്കാനാവാതെ വന്നതോടെ പല ഉദ്യോഗസ്ഥരും സ്ഥലം മാറ്റം കിട്ടുന്നത് വരെ ലീവെടുക്കുകയായിരുന്നു. പട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥി ആയതോടെ ഓഫീസിലെ മന്ത്രിയുടെ അസ്സാന്നിദ്ധ്യം ഡോ. ജയതിലക് മുതലെടുക്കുന്നതായും ജീവനക്കാര്‍ ആരോപിക്കുന്നു.
മന്ത്രിയെ കാണിക്കാതെ സ്വന്തമായി വിവാദ ഉത്തരവുകള്‍ ഇറക്കുന്നതും കീഴുദ്യോഗസ്ഥര്‍ ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് വിലക്കുന്നതുമുള്‍പ്പെടെ വിചിത്രമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. സര്‍ക്കാറിന് ചീത്തപ്പേരുണ്ടാവാന്‍ സാധ്യതയുള്ള ഡോ. ജയതിലകിന്റെ പല വിവാദ ഉത്തരവുകളും ചീഫ് സെക്രട്ടറി ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കൃഷി വകുപ്പിലേക്ക് മാറിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. അഡീഷനല്‍/ഡെപ്യുട്ടി സെക്രട്ടറിമാര്‍ നേരിട്ട് ഡോ. ജയതിലകിനെ അഭിമുഖീകരിക്കേണ്ട സാഹചര്യമായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് കയര്‍ക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നത് പതിവാണ്. താന്‍ ‘ഭാവിയിലെ ചീഫ് സെക്രട്ടറിയാണെന്ന്’ ഭീഷണിപ്പെടുത്തുമ്പോള്‍ ഭയന്ന് പോകുന്നവരാണ് സാധാരണ ജീവനക്കാരും ഡ്രൈവര്‍മാരും.
പകവെച്ച് ഉപദ്രവകരമായ നടപടികള്‍ സ്വീകരിക്കുന്ന വ്യക്തി എന്ന പേരുള്ള ജയതിലകിനെ സംഘടനാ ഭാരവാഹികള്‍ വരെ ഭയപ്പെടുന്നതായി പറയപ്പെടുന്നു. സാമ്പത്തിക വര്‍ഷാവസാനം ജീവനക്കാര്‍ കൂട്ടത്തോടെ ലീവില്‍ പ്രവേശിക്കുന്നതോടെ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാവും. വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും ഡോ. ജയതിലകിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിന് പ്രത്യുപകാരമാണെന്നാണ് സെക്രട്ടേറിയറ്റ് വരാന്തകളിലെ സംസാരം.