ശോഭ കരന്ദലജെ കേരളത്തിനെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: വിഡി സതീശൻ

vd satheesan Shobha Karandlaje

തിരുവനന്തപുരം: കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ പതിവ് രീതിയാണ് ശോഭ കരന്ദലജെയുടെ പ്രസ്താവനയും. ഇത്തരം പരാമര്‍ശങ്ങളിലൂടെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്വേഷ പരാമർശം ഇങ്ങനെ

തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.

ഒരാൾ തമിഴ്‌നാട്ടിൽനിന്നു വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽനിന്നു മറ്റൊരാൾ വന്ന് നിയമസഭയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തിൽനിന്നു മറ്റൊരാൾ വന്ന് കോളജ് വിദ്യാർഥികൾക്കു നേരെ ആസിഡ് ഒഴിക്കുന്നു’’– ശോഭ പറഞ്ഞു. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നെന്നും ശോഭ ആരോപിച്ചു.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരുവിലെ രാമശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു പ്രസ്താവന.

തമിഴ്നാടിനോട് മാപ്പ് പറഞ്ഞ് ശോഭ; കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല

ശോഭയുടെ വിദ്വേശ പരാമർശത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ രംഗത്തുവന്നതോടെ തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ ശോഭ കരന്ദലജെ മാപ്പുപറഞ്ഞു. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബെംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണു മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചില്ല എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമർശം ശോഭ പിൻവലിച്ചില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments