മലപ്പുറം : ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്‌തത്. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിന്നിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി.
തുടർന്ന് ഏപ്രിൽ 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്നുപേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്