
ചെന്നൈ: തിരുനെൽവേലി രാധപുരത്ത് മൂന്ന് വയസുകാരനെ കൊന്ന് മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു. വിഘ്നേഷ്-രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ അയൽക്കാരി തങ്കമ്മാൾ അറസ്റ്റിലായി.
ഇന്ന് രാവിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയ്ക്കിടെ തങ്കമ്മാൾ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ടു. സംശയം തോന്നിയ പോലീസ് സംഘം ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതക കാരണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. തങ്കമ്മാളിൻ്റെ മകൻ അടുത്തിടെ മരിച്ചിരുന്നുവെന്നും ഇവർ വിഷാദത്തിൽ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ കുടുംബങ്ങൾ തമ്മിൽ വൈരാഗ്യത്തിലായിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.