തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പില്‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന് പ്രമോഷനും ഗസറ്റഡ് റാങ്ക് പദവിയും. പ്രമോഷന്‍ നേടാന്‍ വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടും പരാതിയില്ലെന്ന ന്യായം പറഞ്ഞ് സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സിപിഎം പിന്തുണയുള്ള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതാവ് കൂടിയായ എസ്ബി അനില്‍ശങ്കര്‍ നടത്തിയ ഗുരുതര തട്ടിപ്പിനെക്കുറിച്ചുള്ള രേഖകള്‍ മലയാളം മീഡിയക്ക് ലഭിച്ചു.
2020 ലാണ് അനില്‍ശങ്കറിനെതിരെ ആദ്യം പരാതി ഉയരുന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ യുഡി ക്ലാര്‍ക്ക് ആകാനുള്ള പരീക്ഷ പോലും പാസായിട്ടില്ലെന്ന് തെളിയുകയായിരുന്നു. ജിഎസ്ടി ഇന്‍സ്‌പെക്ടര്‍ പ്രമോഷനുവേണ്ടി അനില്‍ശങ്കര്‍ ഹാജരാക്കിയ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് എംജി സര്‍വകലാശാല തന്നെ വ്യക്തമാക്കുകയും ചെയ്തു.
വ്യാജരേഖ ഹാജരാക്കിയാണ് അനില്‍ശങ്കർ സര്‍വീസില്‍ തുടരുന്നതെന്ന് പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പും സംസ്ഥാന വിജിലന്‍സും ജിഎസ്ടി വകുപ്പും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഈ അന്വേഷണ റിപ്പോര്‍ട്ട് വിവിധ വകുപ്പ് മേധാവികളിലൂടെ മുഖ്യമന്ത്രി കണ്ട് അവസാനം തീരുമാനമെടുക്കാന്‍ ധനമന്ത്രിയുടെ പക്കല്‍ ഫയല്‍ എത്തിയിട്ടും മാസങ്ങളായി നടപടിയെടുത്തിട്ടില്ല. അനില്‍ശങ്കറിനെതിരെ പരാതി നല്‍കിയ വ്യക്തി അത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്ന് എഴുതി നല്‍കിയതിനാലാണ് നടപടിയെടുക്കാത്തത് എന്നാണ് വകുപ്പിന്റെ ന്യായീകരണം. അതായത് ക്രമക്കേടുകളും വ്യാജരേഖയും കണ്ടെത്തിയിട്ടുണ്ടെങ്കിലും പരാതിയില്ലാത്തതിനാല്‍ നടപടിയെടുക്കുന്നില്ലെന്നാണ് അറിയുന്നത്.
മതിയായ യോഗ്യതയില്ലാതെ വര്‍ഷങ്ങളായി ഗസ്റ്റഡ് റാങ്കില്‍ ശമ്പളം പറ്റുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നില്‍ ഭരണാനുകൂല സംഘടനയുടെ പിന്തുണയാണെന്ന് വ്യക്തമാണ്.