
നടിയെ ആക്രമിച്ച കേസ്: 4 വർഷം പിന്നിട്ട് വിചാരണ, സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തിൽ വിചാരണ പൂർത്തീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജ് ഹണി എം വർഗ്ഗീസ് ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസിൽ ഇതുവരെ 260 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്.
നടിയെ ആക്രമിച്ച കേസിൽ ജഡ്ജ് ഹണി എം വർഗ്ഗീസിന്റെ അപേക്ഷയിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. ഈ സമയ പരിധി ഈ മാസം 31 ന് അവസാനിക്കും. സാക്ഷി വിസ്താരം അന്തിമഘട്ടത്തിലാണെങ്കിലും വിചാരണ പൂർത്തീകരിക്കാൻ ഇനിയും സമയം വേണ്ടിവരും. ഈ സാഹചര്യത്തിൽ വിചാരണക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജ് ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസിൽ മഞ്ജു വാര്യർ ഉൾപ്പടെ 260 സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ വിസ്താരമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2020 ജനുവരി മുപ്പതിനായിരുന്നു വിചാരണയുടെ തുടക്കം. വിചാരണക്കിടയിൽ സിനിമാ താരങ്ങൾ ഉൾപ്പടെ 19 സാക്ഷികൾ മൊഴിമാറ്റി. വിചാരണ നീതിപൂർവ്വമല്ലെന്ന് ആരോപിച്ച് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചു. തുടർന്ന് അതിജീവിതയുടെ ആവശ്യപ്രകാരം വി അജകുമാറിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു.
അതിനിടയിലാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ടർ പുറത്തുവിട്ടത്. കേസിൽ വഴിത്തിരിവാകുന്ന തെളിവുകൾകൂടി പുറത്തുവന്നതോടെ തുടരന്വേഷണം നടത്തി ഒരാളെ കൂടി കേസിൽ പ്രതി ചേർത്തു. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്.