
തിരുവനന്തപുരം : കാത്തിരുപ്പുകൾക്ക് വിരാമം . ലൈസൻസ് അച്ചടി പ്രശ്നങ്ങൾക്ക് പരിഹാരമായി തുടങ്ങി .സംസ്ഥാനത്ത് മുടങ്ങി കിടന്ന എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും ആർടിഒ ഓഫീസുകളിൽ ഒന്നിച്ചെത്തിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
2023 നവംബർ മുതലുള്ള സ്മാർട്ട് പെറ്റ്ജി കാർഡുകളാണ് എത്തുക. ഇവ അതത് ഓഫീസുകളിൽ എത്തിക്കുവാനാണ് നിർദ്ദേശം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പാലക്കാട് ഡിവിഷനിൽ സ്മാർട്ട് പെറ്റ്ജി കാർഡുകൾ പ്രിന്റ് ചെയ്യുന്ന വകയിൽ സർക്കാർ 8.3 കോടി രൂപയിൽ അധികം കുടിശ്ശിക നൽകാനുണ്ട്.
ഈ തുക നൽകാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് സ്മാർട്ട് കാർഡുകൾ വീണ്ടും പ്രിന്റ് ചെയ്യുന്നത്. സംസ്ഥാനത്ത് കെഎൽ-01 അഥവാ തിരുവനന്തപുരം മുതൽ കെഎൽ-86 പയ്യന്നൂർ വരെ 85 നമ്പറുകളിൽ വാഹനം രജിസ്റ്റർ ചെയ്യപ്പെട്ടവരും ഡ്രൈവിംഗ് ലൈസൻസ് എടുത്തവരുമായി എട്ട് ലക്ഷത്തിൽ അധികം ആളുകൾ ഉണ്ടാകുമെന്നാണ് കണക്ക്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഡ്രൈവിംഗ് ലൈസൻസുകളും ഒക്ടോബറോടെ ആർസിയും ആധുനിക സുരക്ഷാ സംവിധാനമുള്ള പെറ്റ്ജി കാർഡിലേക്ക് മാറി. ഇവ തപാൽ മുഖേനയാണ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരുന്നത്. ഇതിനായി തപാൽ നിരക്ക് ഉൾപ്പെടെ 245 രൂപ മുൻകൂട്ടി ഈടാക്കുന്നുണ്ട്. വാഹന ഉടമകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിടുന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.
2023 നവംബർ മുതലാണ് ആർസിയുടെ അച്ചടി നിർത്തി വയ്ക്കുന്നത് .2024 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം പത്ത് ലക്ഷത്തോളം കാർഡുകളാണ് ആർസി-ലൈസൻസ് വിഭാഗങ്ങളിലായി അച്ചടിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുക അനുവദിക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.