എറണാകുളം: നവകേരള സദസിൽ പരാതി കൊടുത്തതിന്റെ പേരിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് സർക്കാർ. കൊച്ചിയിലെ ഭവനനിർമ്മാണ ബോർഡിലെ 13 കരാർ ജീവനക്കാർക്കെതിരെയാണ് സർക്കാരിന്റെ പ്രതികാര നടപടി.
300 രൂപയ്‌ക്കാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവകേരള സദസിൽ പരാതി നൽകിയത്. പരാതി നൽകിയതിലെ അമർഷമാണ് പിരിച്ചുവിടാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
പ്രതികാരമെന്നോണം ബോർഡ് ആദ്യം ചെയ്തത് മാസവേതനം 9000 രൂപയിൽ നിന്ന് 7000 മാക്കി വെട്ടിച്ചുരുക്കിയതാണ്. പിന്നാലെ കരാർ പുതുക്കി നൽകാതെ പുതിയ ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു.
ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ജീവനക്കാർ നടത്തുന്നത്. സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത് ഇടതു തൊഴിലാളി സംഘടനയായ എഐടിയുസി ആണെന്നതും ശ്രദ്ധേയമാണ്.