തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് അമ്മ ലളിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞു പറഞ്ഞെന്നും അമ്മ പ്രതികരിച്ചു.
ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധിനിർണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. കേരള സർവകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയാണ് ഷാജി. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
കേരള സർവകലാശാല കലോത്സവത്തിലെ മാർഗംകളി മത്സരത്തിൻറെ വിധി കർത്താവായിരുന്നു ഷാജി. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാർ മത്സരാർത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങൾ സംഘാടകർ പൊലീസിന് കൈമാറിയിരുന്നു. ഷാജി അടക്കം നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരിൽ രണ്ടുപേർ നൃത്ത പരിശീലകരും ഒരാൾ സഹായിയുമാണ്. കലോത്സവത്തിൻറെ വിധി നിർണയത്തിനായി വിധികർത്താക്കൾക്ക് നൽകുന്ന ജഡ്ജ് റിമാർക്സ് ഷീറ്റിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. പണം വാങ്ങിയിട്ടില്ലെന്ന് കസ്റ്റഡിയിൽ എടുത്ത സമയത്ത് ഷാജി പൊലീസിനോട് പറഞ്ഞിരുന്നു.