മൂന്ന് മാസം റേഷൻ വി​ഹിതം വാ​​ങ്ങിയില്ല ; 59,688 കുടുംബങ്ങളുടെ റേഷൻവിഹിതം റദ്ദാക്കി പൊതുവിതരണ വകുപ്പ്

പാലക്കാട്: മൂന്ന് മാസം തുടർച്ചയായി റേഷൻ വി​ഹിതം വാ​​ങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി. മുൻ​ഗണന വിഭാ​ഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ പി എൻ എ സ്നോൺ പ്രയോറിറ്റി നോൺ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻ​ഗണ ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽക്കേണ്ടിവരും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോൾഡ്, നോൺ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന് മാസം തുടർച്ചയായി റേഷൻ വി​ഹിതം വാ​​ങ്ങാതിരുന്നതിനാൽ ഇല്ലാതായത്. റേഷൻ വാങ്ങുമെന്ന് ഉറപ്പുള്ളവർക്കുമാത്രമേ കാർഡ് പുതുക്കി നൽകുകയുള്ളൂ.

പ്രയോറിറ്റി ഹൗസ് ഹോൾഡ് വിഭാഗത്തിൽപ്പെട്ട റേഷൻകാർഡുകളാണ് ഏറ്റവും കൂടുതൽ തരംമാറ്റപ്പെട്ടത്. ഈ വിഭാഗത്തിൽനിന്ന് 48,724 പേരുടെ ആനുകൂല്യം നഷ്ടമായി. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ നിന്ന് 6,672 വും നോൺ പ്രയോറിറ്റി സബ്സിഡിയിലുള്ള 4,292 ഉം റേഷൻകാർഡുകൾ ആനുകൂല്യമില്ലാത്ത നോൺ പ്രയോറിറ്റി നോൺ സബ്സിഡി വിഭാഗത്തിലേക്ക് തരംമാറ്റുകയും ചെയ്തു.

എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് ആനുകൂല്യമില്ലാതായത്. 8,571പേർക്കാണ് ആനുകൂല്യം നഷ്ടമായത്. ഏറ്റവും കുറവ് വയനാട്ടിലാണ് 878 പേരുടെ ആനുകൂല്യം നഷ്ടമായി. ഏത് റേഷൻകടയിൽ നിന്ന്‌ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നിട്ടും മുൻഗണനാവിഭാഗത്തിൽപെട്ടവർ വാങ്ങാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ പൊതുവിതരണ വകുപ്പ് തിരുമാനിച്ചത്. ആനുകൂല്യം നഷ്ടമായവർക്ക് വീണ്ടും അപേക്ഷ നൽകി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങൾ തിരികെ നേടാവുന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments