പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം (CAA notification) ചെയ്തതോടെ രാജ്യമൊട്ടാകെ സിഎഎ വിരുദ്ധ പ്രക്ഷോഭം ഉയരുകയാണ്. അസമില്‍ പ്രതിഷേധക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിഷേധക്കാര്‍ സിഎഎ പകര്‍പ്പുകള്‍ കത്തിച്ചു. ഡല്‍ഹിയിലും ബംഗാളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. What is the Citizenship (Amendment) Act (CAA) and how will it impact Kerala?
മുസ്ലിം ലീഗും ഡിവൈഎഫ്‌ഐയും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുസംഘടനകളും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
കേരളത്തെ ബാധിക്കില്ല
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ കേരളത്തില്‍ ഇല്ല എന്നതുകൊണ്ടുതന്നെ നിയമം പ്രായോഗികതലത്തില്‍ കേരളത്തെ ബാധിക്കില്ല. എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതബോധത്തിന് ഇടവരുത്തുന്ന നിയമത്തിന് ഇവിടെ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും.
കേരളത്തില്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും സുപ്രീംകോടതിയുടെ അനുകൂല ഇടപെടല്‍ അതിനു വേണ്ടിവരും.
ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണ് നിയമം എന്ന വാദമാണ് കേരളം മുഖ്യമായി ഉന്നയിച്ചിരിക്കുന്നത്. 21, 25 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ആശയസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ലംഘിക്കപ്പെടുന്നതായും മുസ്ലിംകളോടു വിവേചനം കാട്ടുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം കൂടി ആവശ്യപ്പെട്ട പ്രകാരമാണു കേരളം കോടതിയിലെത്തിയത്.
പോര്‍മുഖം തുറക്കാൻ എല്‍ഡിഎഫും യുഡിഎഫും
കേന്ദ്ര വിജ്ഞാപനം വന്നതോടെ വീണ്ടും പോര്‍മുഖം തുറക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ഒരുങ്ങുന്നത്. നാളെ ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈയാഴ്ച പുതിയ സാഹചര്യം വിലയിരുത്തും.
കേരളത്തിലും സിഎഎ വിരുദ്ധ പ്രക്ഷോഭം ഉയരുകയാണ്. ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയ നിയമസഭ കേരളമാണ്. ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയ ആദ്യ സംസ്ഥാനവും കേരളമായിരുന്നു. മുസ്‌ലിം ലീഗും സുപ്രീം കോടതിയെ നിയമപോരാട്ടം നടത്തിയിരുന്നു. അതുപോലെ തന്നെ തെരഞ്ഞെടുപ്പ് കാലമായതോടെ ബിജെപി വിരുദ്ധ നിലപാട് ശക്തമാക്കുന്നതിന്റ ഭാഗമായി പ്രതിഷേധങ്ങള്‍ കേരളമെമ്പാടും നടക്കുമെന്ന് ഉറപ്പാണ്.