ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നതിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala Secretariat Action Council

തിരുവനന്തപുരം: സർക്കാർ പുറപ്പെടുവിച്ച ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നെടുത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. സർക്കാർ ഉത്തരവിൽ ഡിഎ ഏഴിൽ നിന്നും 9 ശതമാനമായി വർധിപ്പിക്കുന്നുവെന്നും ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎ വിതരണം ചെയ്യുമെന്നും മാത്രമേ പറഞ്ഞിട്ടുള്ളൂ.

എന്ന് മുതലാണ് ഈ ഡിഎക്ക് അർഹമായതെന്നോ കുടിശ്ശിക തുകയെ കുറിച്ചാേ യാതൊരു പരാമർശവുമില്ല. 2021 ജനുവരി മുതൽ ജീവനക്കാർക്ക് വർധിപ്പിച്ച ഡിഎക്ക് അർഹതയുണ്ട്. മുൻകാല പ്രാബല്യത്തെക്കുറിച്ച് മൗനം പാലിച്ച് 2024 ഏപ്രിൽ മുതൽ മാത്രം ഡിഎ ഉയർത്തുമെന്ന ഉത്തരവിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നഷ്ടമായത് 39 മാസത്തെ ക്ഷാമബത്ത തുകയാണ്.

സർക്കാർ ജീവനക്കാരുടെ കയ്യിൽ നിന്നും ആയിരങ്ങളാണ് ഇടതു സർക്കാർ കവർന്നത്. ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാരന് 17940 രൂപ നഷ്ടപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം വിതരണം ചെയ്തതിൽ കാട്ടിയ കള്ളക്കളി യാതൊരു മാറ്റവും കൂടാതെ ഡി എ അനുവദിച്ചതിലും സർക്കാർ വച്ചു പുലർത്തിയിരിക്കുന്നു.

ഡിഎ കുടിശ്ശികയുടെ കാര്യത്തിൽ സാങ്കേതികതാ ന്യായം പറയാതെ അടിയന്തരമായി ഉത്തരവ് തിരുത്തണം. കൺവീനർ ഇർഷാദ് എം എസ് ആവശ്യപ്പെട്ടു. അതുപോലെ തന്നെ സംസ്ഥാന സർക്കാർ ജീവനക്കാരോട് എൽ ഡി എഫ് സർക്കാർ ചിറ്റമ്മനയം പുലർത്തുകയാണ്.

ഐഎഎസ് ഉദ്യോഗസ്ഥർക്ക് 2023 ജൂലൈ മുതൽ ഡിഎ അനുവദിച്ചപ്പോൾ 2021 ജനുവരി മുതലുള്ള ഡിഎ ആണ് സർക്കാർ അനുവദിച്ചത്. മാത്രമല്ല, ഐഎഎസുകാർക്ക് കുടിശ്ശികയായ ഡി എ പണമായി അനുവദിക്കുമെന്ന് ഉത്തരവിടുമ്പോൾ സംസ്ഥാന ജീവനക്കാരുടെ കെ-സാലറിയിൽ കുടിശ്ശിക ആവിയായിരിക്കുന്നു.

ഈ നെറികേടിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രക്ഷോഭം നടത്തുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments