തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് മിഷനില്‍ 9 ലക്ഷം പേര്‍ വീട് ലഭിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതിയുടേയും മെയിന്റനന്‍സിനേയും പേരില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍.
റവന്യു മന്ത്രി കെ. രാജന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നത് 18.98 ലക്ഷത്തിനാണ്. മെയിന്റനന്‍സ് എന്ന ഓമന പേരിലാണ് മോടിപിടിപ്പക്കല്‍ നടത്തുന്നത്. കെ. രാജന്റെ ഔദ്യോഗിക വസതിയായ ‘ഗ്രേസിന്റെ’ മെയിന്റനന്‍സിനായി 18.98 ലക്ഷത്തിന്റെ ടെണ്ടര്‍ ക്ഷണിച്ചത് ഈ മാസം 5 നാണ്.
ടെണ്ടറിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു. 20 ലക്ഷമെങ്കിലും വേണം പണി പൂര്‍ത്തിയാകാന്‍ എന്നാണ് ലഭിക്കുന്ന സൂചന . 5 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മെയിന്റനന്‍സിനായി ചെലവഴിക്കുന്നത്.
മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെ ഓവുചാല്‍ നവീകരിക്കാന്‍ 8.12 ലക്ഷം രൂപ
മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ.
രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് നവീകരണത്തിന് ചെലവിട്ടത്. 2023 ആഗസ്ത് 23 നായിരുന്നു ടെണ്ടറിൻ്റെ അവസാന തീയതി. നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ചു എന്നാണ് ലഭിക്കുന്ന സൂചന .
വഴുതക്കാട് റോസ് ഹൗസ് ആണ് മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി. 9 ലക്ഷം പേർ ലൈഫ് മിഷൻ വീടിന് വേണ്ടി ക്യൂ നിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ മന്ത്രി മന്ദിരത്തിൽ 8.12 ലക്ഷം മുടക്കി നവീകരണ പ്രവൃത്തികൾ നടത്തിയത്.