തൃശൂർ∙ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങിയെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം തള്ളി അന്നത്തെ ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങിയെന്ന ആരോപണം തെറ്റാണ്. വാഹനത്തിൽ കയറാൻ 22 ലക്ഷം നൽകാൻ മാത്രം മണ്ടിയാണോ പത്മജ. അവർ തൃശൂരിൽ തോറ്റത് എത്ര വോട്ടിനെന്നു ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇത്ര മരമണ്ടിയാണോ പത്മജ? ഒരു കാറിൽ കയറാൻ 22 ലക്ഷം കൊടുക്കാൻ മാത്രം മരമണ്ടിയാണോ. നിങ്ങളൊന്ന് ആലോചിക്ക്. ഈ ജനങ്ങളുടെ മുന്നിൽ വേറെന്തെങ്കിലും കാര്യം ഗൗരവത്തിലുള്ളത് പറയാമായിരുന്നു. കെപിസിസിയുടെ ഇത്രയും വലിയൊരു നേതാവ്. കെ. കരുണാകരന്റെ മകൾ… അവർ 22 ലക്ഷം രൂപ കൊടുത്തുവെന്നു പറഞ്ഞാൽ ഈ നാട്ടിലാരാ അതു വിശ്വസിക്കുക. അതു വെറുതേ വിടുകയാണ് നല്ലത്. മറുപടി അർഹിക്കുന്നില്ല. പ്രതാപനും എനിക്കും ഓരോ വോട്ടു വീതമാണുള്ളത്. പത്മജ തൃശൂരിൽ തോറ്റത് എത്ര വോട്ടിനെന്ന് ഓർക്കണം’’ – വിൻസന്റ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തന്റെ കയ്യിൽനിന്നു 22 ലക്ഷം രൂപ അന്നു ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിൻസന്റ് വാങ്ങിയെന്നായിരുന്നു പത്മജയുടെ ആരോപണം. എന്നിട്ടു പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയിൽ വാഹനത്തിൽപ്പോലും കയറ്റിയില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ് ആത്മാർഥമായി പെരുമാറിയതെന്നും അവർ കൂട്ടുച്ചേർത്തു.