തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, ശബരിമല യുവതി പ്രവേശനം എന്നിവയ്ക്കെതിരെ നടന്ന സമരങ്ങളിലെ കേസുകള്‍ പിൻവലിക്കാത്തത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകും.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ശബരിമല, പൗരത്വ ഭേദഗതി സമരങ്ങളിലെ കേസുകള്‍ പിൻവലിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. 2021 ഫെബ്രുവരി 26 ന് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിയിരുന്നു.
പിൻവലിക്കാത്ത കേസുകളെക്കുറിച്ച്
പൗരത്വ ഭേദഗതി നിയമവുമായി മോദി മുന്നോട്ട് പോകുമ്പോൾ സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളിൽ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 5 വർഷം കഴിയുമ്പോൾ പിൻവലിച്ചത് 59 കേസുകൾ മാത്രം. 776 കേസുകൾ പിൻവലിച്ചിട്ടില്ല.
ഇതിലും ദയനീയമാണ് ശബരിമലയുടെ സ്ഥിതി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്തത് 2636 കേസുകൾ. പ്രതികളായത് 25408 പേർ. പിൻവലിച്ച കേസുകൾ 41 എണ്ണം മാത്രം. 2595 കേസുകൾ പിൻവലിച്ചിട്ടില്ല. കേസ് പിൻവലിക്കാത്തത് പ്രതിപക്ഷം ചർച്ചയാക്കിയത് ഇടതുകേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.