തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ/ ഡി.ആർ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2 ശതമാനം ആണ് വർധനവ്. ഇതോടെ ഡി.എ 7 ൽ നിന്ന് 9 ശതമാനമായി ഉയർന്നു. മെയ് മാസം വിതരണം ചെയ്യുന്ന ശമ്പളത്തിൽ പുതിയ ഡി.എയുടെ ആനുകൂല്യം ലഭിക്കും.
2021 ജനുവരി 1 മുതൽ ലഭിക്കേണ്ട 2 ശതമാനമാണ് 40 മാസത്തിനു ശേഷം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത്. 40 മാസത്തെ ഡി.എ / ഡി.ആർ കുടിശിക എന്ന് കിട്ടുമെന്ന് ഉത്തരവിൽ പറയുന്നില്ല.
ഡി.എ കൂടിശിക ആവിയായി പോയോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ഐ എ എസ്, ഐ പി എസ് , ഐ എഫ് എസ് ഉദ്യോഗസ്ഥർക്കും കുടിശിക ഡി.എ മെയ് മാസം പണമായി ലഭിക്കുമെന്ന് ബാലഗോപാൽ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു പന്തിയിൽ രണ്ട് വിളമ്പോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡി.എ ഉത്തരവ് ഇറങ്ങി.
ഐഎഎസ്, ഐ.പിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് ഉയർത്തിയത്. 2023 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യമുണ്ട്. പ്രഖ്യാപിച്ച ഡി.എ യുടെ കുടിശിക പണമായി ലഭിക്കും.
ഇതോടെ 10 മാസത്തെ ഡി.എ കുടിശികയാണ് ഒരുമിച്ച് ഐഎഎസുകാർക്ക് ലഭിക്കുന്നത്. മെയ് മാസം വിതരണം ചെയ്യുന്ന ശമ്പളത്തിലാണ് പുതിയ ഡി.എ കൂടി ലഭിക്കുന്നത്. കുടിശികയും മെയ് മാസം ലഭിക്കും. അടിസ്ഥാന ശമ്പളത്തിൻ്റെ 46 ശതമാനമായി ഡി.എ ഉയർന്നു.
IAS കാരുടെ DA 50% ആക്കി കേന്ദ്ര സർക്കാർ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ട സാഹചര്യത്തിൽ ഇലക്ഷൻ വിജ്ഞാപനത്തിനു മുൻപ് തന്നെ ഉത്തരവ് ഇറങ്ങാൻ ആണ് സാധ്യത. അങ്ങനെ എങ്കിൽ കേരളത്തിലും IAS ഉദ്യോഗസ്ഥർക്ക് ഒരു ഗഡു കൂടി അനുവദിച്ച് ഉടൻ തന്നെ വീണ്ടും ഉത്തരവ് ഇറങ്ങും. അങ്ങനെ എങ്കിൽ ആകെ 50 ശതമാനം ഡി.എ ഉദ്യോഗസ്ഥർക്ക് ഉടനെ കൈപ്പറ്റാം.