പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൂടിയാണ് ഇപ്പോൾ സിഎഎ നടപ്പാക്കിയത് എന്നും വിമർശിക്കുന്നു.

ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി ജാമിയ മില്ലിഅ സർവ്വകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സി എ എ നോട്ടിഫിക്കേഷൻ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി. ദില്ലി ഷഹീൻ ബാഗിൽ പൊലീസിൻ്റെ ഫ്ലാഗ് മാർച്ച് നടന്നു. പരിധിവിട്ടുള്ള പ്രതിഷേധങ്ങളോ ആഹ്ളാദപ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്നബാധിതമായ മേഖലകളിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദേശവുമുണ്ട്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. നിയമ ഭേദഗതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമം.

ഈ വിഭാഗത്തിൽ പെട്ട അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിലുണ്ട്. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആയവർക്ക് എന്നിവർക്ക് പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും.

ചില സംസ്ഥാനങ്ങൾ എതിർപ്പുയർത്തിയ പശ്ചാതലത്തിൽ പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ കേന്ദ്രം സജ്ജമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments