തിരുവനന്തപുരം : വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്.
നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ മുഴുവൻ പരിശോധിക്കുമെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും വിസി അറിയിച്ചു. കലോത്സവം നിർത്തിവച്ച സാഹചര്യത്തിൽ തുടർമത്സരങ്ങൾ ഉണ്ടാകില്ല. ഇതുവരെ കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല.
സമാപനസമ്മേളനവും ഉണ്ടാകില്ലായെന്നും സർവ്വകലാശാല വ്യക്തമാക്കി. ഇന്നലെയാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിസിയ്ക്ക് പരാതി നൽകിയത്. അതേ സമയം ഇത്തവണത്തെ കേരള സർവ്വകലാശാല കലോത്സവത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളായിരുന്നു .
ആദ്യം ഇൻതിഫാദ എന്ന പേരിനെ ചൊല്ലി. ആ പേര് വേണ്ടെന്ന് വച്ച് കലോത്സവം തുടങ്ങിയപ്പോൾ, വിധി നിർണയത്തിന് എതിരെ പരാതി പ്രളയവും, കോഴ ആരോപണവും അറസ്റ്റും, മത്സരങ്ങളുടെ വൈകലും, അടിയും, തമ്മിലടിയുമായി രംഗം വഷളായി . ഒടുവിൽ സമാപന സമ്മേളനം പോലുമില്ലാതെ, കേരള സർവകലാശാല കലോത്സവം നിർത്തി വയ്ക്കാൻ വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം.