96ാമത് ഓസ്‌കർ വേദിയിൽ ഗസ്സക്ക് ഐക്യദാർഢ്യവുമായി താരങ്ങൾ. അമേരിക്കൻ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാർക്ക് റുഫല്ലോ, സംവിധായിക അവ ദുവെർനെ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഫലസ്തീനിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന ചുവന്ന പിൻ ധരിച്ചാണ് റെഡ്കാർപറ്റിലെത്തിയത്.
ഞങ്ങൾ എല്ലാവരും ഗസ്സയിൽ ഉടനടി വെടിനിർത്തൽ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും റാമി യൂസഫ് പറഞ്ഞു. ഫലസ്തീൻ ജനതയ്ക്ക് ശാശ്വതമായ നീതിയും സമാധാനവും വേണമെന്നും ഫലസ്തീനിൽ കുട്ടികൾ കൊല്ലപ്പെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന് തുറന്ന കത്ത് എഴുതിയ സിനിമാ പ്രവർത്തകരുടെ (Artists4Ceasefire) ശ്രമത്തിന്റെ ഭാഗമാണ് ഫലസ്തീൻ അനുകൂല പിന്നുകൾ. ഫ്രഞ്ച് അഭിനേതാക്കളായ മിലോ മച്ചാഡോ ഗ്രാനർ, സ്വാൻ അർലോഡ് എന്നിവർ ഫലസ്തീൻ പതാക മുദ്രണം ചെയ്ത പിൻ ധരിച്ചാണ് ഓസ്‌കർ വേദിയിലെത്തിയത്.