പഞ്ഞി മിഠായിയും നിറം ചേർത്ത ഗോബി മഞ്ചൂരിയനും കർണാടകയിൽ നിരോധിച്ചു

നിറം ചേർത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക സർക്കാർ. ഇവയിൽ ചേർക്കുന്ന റോഡമൈൻ-ബി പോലുള്ള കൃത്രിമ നിറങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കർണാടക ആരോഗ്യവകുപ്പ് തിങ്കളാഴ്ച അറിയിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പങ്കുവെച്ചു.

സുരക്ഷിതമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണരീതികൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ഞിമിഠായി, ഗോബി മഞ്ചൂരിയൻ എന്നിവയെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ അദ്ദേഹം പത്രസമ്മേളനത്തിൽ വിവരിച്ചു.

വിവിധ ഹോട്ടലുകളിൽ നിന്നുമായി 171 സാംപിളുകളാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിച്ചത്. റോഡമൈൻ-ബി, ടാർട്രാസൈൻ തുടങ്ങിയ രാസവസ്തുക്കൾ ഇത്തരം ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമല്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം തയ്യാറാക്കുമ്പോൾ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്ന ഭക്ഷ്യശാലയ്‌ക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭക്ഷണത്തിൽ രാവസ്തുക്കൾ കണ്ടെത്തിയാൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവ് ലംഘിക്കുന്ന സ്ഥാപനത്തിന്റെ ഉടമകൾക്ക് ഉൾപ്പടെ ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവ് പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. അതേസമയം, വെള്ളനിറത്തിലുള്ള പഞ്ഞിമിഠായികൾ വിൽക്കുന്നതിന് വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments