71ാം ലോക സുന്ദരി കിരീടം ചൂടി ചെക്ക് റിപ്പബ്ലിക്കിലെ ക്രിസ്റ്റീന പിസ്‌കോവ. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ അരങ്ങേറിയ മിസ് വേള്‍ഡ് 2024 ല്‍ ലെബനനില്‍ നിന്നുള്ള യാസ്മിന സയ്‌തോനാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഫിനാലെ മല്‍സരം. ഫെമിന മിസ് ഇന്ത്യ 2022 വിജയിയായ സിനി ഷെട്ടിയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. എന്നാല്‍ അവസാന നാലില്‍ എത്താന്‍ സിനി ഷെട്ടിക്കായില്ല.
പോളണ്ടില്‍ നിന്നുള്ള ലോകസുന്ദരി കരോലിന ബിലാവ്സ്‌ക തന്റെ പിന്‍ഗാമിയെ കിരീടമണിയിച്ചു.
ഇന്ത്യ ആറ് തവണ ലോക സുന്ദരി പട്ടം ചൂടിയിട്ടുണ്ട്. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് ബച്ചന്‍ (1994), ഡയാന ഹെയ്ഡന്‍ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലര്‍ (2017) എന്നിവരിലൂടെയായിരുന്നു ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം എത്തിയിരുന്നത്.
ലോകത്തെ 112 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച 71-ാമത് മിസ് വേള്‍ഡ് മത്സരം മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു അരങ്ങേറിയത്.
12 അംഗ ജഡ്ജിംഗി പാനലായിരുന്നു ലോക സുന്ദരിയെ കണ്ടെത്തിയത്. ചലച്ചിത്ര നിര്‍മ്മാതാവ് സാജിദ് നദിയാദ്വാല, അഭിനേതാക്കളായ കൃതി സനോന്‍, പൂജ ഹെഗ്ഡെ, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ്മ, സാമൂഹിക പ്രവര്‍ത്തക അമൃത ഫഡ്നാവിസ്, ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കോ. ലിമിറ്റഡിന്റെ എംഡി വിനീത് ജെയിന്‍, മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്സണും സിഇഒയുമായ ജൂലിയ മോര്‍ലി, സ്ട്രാറ്റജിക് പാര്‍ട്ണറും ഹോസ്റ്റുമായ ജാമില്‍ സെയ്ദി, മിസ് വേള്‍ഡ് ഇന്ത്യ മനുഷി ചില്ലര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ജഡ്ജിംഗ് പാനല്‍.
ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും മുന്‍ ലോകസുന്ദരി മേഗന്‍ യംഗും ആതിഥേയത്വം വഹിച്ചു, ഗായകരായ ഷാന്‍, നേഹ കക്കര്‍, ടോണി കക്കര്‍ എന്നിവരുടെ പ്രകടനങ്ങളോടെ താരനിബിഡമായിരുന്നു മിസ് വേള്‍ഡ് 2024 അരങ്ങേറിയത്.