മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബംഗ്ലാവ് നവീകരണത്തിന് ഈ ആഴ്ച്ച 11.43 ലക്ഷം അനുവദിച്ചു; ഇതുവരെ ചെലവിട്ടത് 7.91 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും നാല് മന്ത്രിമാരുടെയും ബംഗ്ലാവിന്റ മെയിന്റന്‍സ് പ്രവൃത്തികള്‍ക്ക് 11.43 ലക്ഷം അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, എം.ബി രാജേഷ്, ജി.ആര്‍. അനില്‍ എന്നിവരുടെ ഔദ്യോഗിക വസതികളിലും മെയിന്റന്‍സ് പ്രവൃത്തികള്‍ നടക്കും.

ഈ മാസം 5 ന് പൊതുമരാമത്ത് വകുപ്പ് മെയിന്റനന്‍സ് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഇതിന്റെ വിശദാശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

മറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും മെയിന്റനന്‍സ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അതിനായി ടെണ്ടര്‍ ക്ഷണിക്കുമെന്നുമാണ് മരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഇതുവരെ ചെലവിട്ടത് 7.91 കോടി

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം ക്ലിഫ് ഹൗസടക്കമുള്ള മന്ത്രി ബംഗ്ലാവുകള്‍ പ്രവൃത്തികള്‍, അറ്റകുറ്റപ്പണികള്‍, മോടിപിടിപ്പിക്കല്‍ എന്നിവക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 7.91 കോടി രൂപ.

2016 മേയ് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ശോച്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിതന്നെ തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് മന്ത്രിമന്ദിരങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകള്‍ പുറത്തുവന്നത്.

മന്ത്രിമന്ദിരങ്ങളിലെ കര്‍ട്ടന്‍ മാറ്റിയതിന് മാത്രം 44.96 ലക്ഷം ചെലവായി. മുഖ്യമന്ത്രിയുടെ വസതിയുടെ അറ്റകുറ്റപ്പണിക്ക് 2.18 കോടിയും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 60.71 ലക്ഷവും ചെലവഴിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ 2016 മുതല്‍ 2021 മേയ് വരെ 2,07,606 രൂപയും തുടര്‍ന്ന് നാളിതുവരെ 10,06,682 രൂപയുമാണ് വേണ്ടിവന്നത്. 79.73 ലക്ഷം മുഖ്യമന്ത്രിയുടെ ചികിത്സക്കും നല്‍കിയിട്ടുണ്ട്.

ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരണത്തിന് 2016 മേയ് മുതല്‍ 2021 മേയ് വരെ 25.99 ലക്ഷവും വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 2.28 ലക്ഷവും വേണ്ടിവന്നു. തുടര്‍ന്ന് 2021 മുതല്‍ നാളിതുവരെ 10 ലക്ഷവും ചെലവായിട്ടുണ്ട്.

ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഈ ആവശ്യങ്ങള്‍ക്ക് 4.09 കോടിയാണ് ചെലവായത്. മറ്റ് മന്ത്രിമന്ദിരങ്ങളുടെ കര്‍ട്ടന്‍ മാറ്റാന്‍ 2016 മുതല്‍ ഇതുവരെ ചെലവ് 32.82 ലക്ഷമാണ്. ക്ലിഫ് ഹൗസ് ഒഴികെ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി 4.29 കോടി രൂപയുമായി.

മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ചെലവഴിച്ച തുക (ലക്ഷത്തില്‍)

  • നെസ്റ്റ് (തദ്ദേശ സ്വയംഭരണം) 9.04
  • ഉഷസ് (വ്യവസായം) 15.31
  • അശോക (മൃഗസംരക്ഷണം) 26.67
  • പൗര്‍ണമി (ധനകാര്യം) 17.04
  • പ്രശാന്ത് (ജലസേചനം) 25.02
  • എസെന്‍ഡീന്‍ (ദേവസ്വം) 11.07
  • ലിന്ററസ്റ്റ് (കൃഷി) 54.75
  • പെരിയാര്‍ (വൈദ്യുതി) 10.59
  • പമ്പാ (പൊതുമരാമത്ത്) 2.85
  • അജന്ത (സിവില്‍ സപ്ലൈസ്) 29.89
  • മന്‍മോഹന്‍ (ഗതാഗത) 27.08
  • കവടിയാര്‍ ഹൗസ് (ഫിഷറീസ്) 18.91
  • കാവേരി (വനം) 16.18
  • ഗ്രേസ് (റവന്യൂ) 2.87
  • നിള (ആരോഗ്യം) 13.35
  • ഗംഗ (രജിസ്‌ട്രേഷന്‍) 14.48
  • തൈക്കാട് ഹൗസ് (തുറമുഖം) 24.38
  • സാനഡു (ഉന്നത വിദ്യാഭ്യാസം) 62.64
  • റോസ് ഹൗസ് (വിദ്യാഭ്യാസം) 47.38
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments