തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സിബിഐ അന്വേഷിക്കും. ഇതുംസബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീന്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സിദ്ധാർത്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സിദ്ധാര്‍ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് പറഞ്ഞിരുന്നു.
സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്.എഫ്.ഐ നേതാവ് അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതിയാണ്, മാപ്പുസാക്ഷിയാക്കരുത്. ഒരു പാര്‍ട്ടി ഒഴികെ മറ്റെല്ലാം പാര്‍ട്ടികളും തന്നെ പിന്തുണക്കുന്നുണ്ടെന്നും പിതാവ് അറിയിച്ചു.
കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്.
അതേസമയം, സിദ്ധാര്‍ഥന്റെ അടുത്ത ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ വയനാട്ടിലെത്തും. മൊഴിയെടുക്കാനും മറ്റുമായാണ് ഒമ്പതംഗ സംഘം ജില്ലയിലെത്തുന്നത്. സംഘത്തില്‍ സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ഉണ്ടാവില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സിദ്ധാര്‍ഥന്റെ നെടുമങ്ങാട്ടെ വസതിയില്‍ കല്‍പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് ബന്ധുക്കള്‍ വയനാട്ടിലെത്തുന്നത്.
ഫെബ്രുവരി 18നാണ് ബി.വി.എസ്.സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.
മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയര്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.