തിരുവനന്തപുരം: രാജ്യത്തെ വിവിധ മദ്യ കമ്പനികളുമായി സംസ്ഥാന എക്സൈസ് മന്ത്രി എം.ബി. രാജേഷ് ചര്‍ച്ച നടത്തി. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിന് മദ്യ കമ്പനികള്‍ക്ക് കുറഞ്ഞ നികുതി എന്ന സ്വപ്നതുല്യമായ വാഗ്ദാനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതിന് പകരമായി മദ്യ കമ്പനികള്‍ എന്ത് നല്‍കുമെന്നാണ് സിപിഎം ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് സ്വരൂപിക്കാന്‍ സകലമാര്‍ഗ്ഗവും ഉപയോഗിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎം. ബാംഗ്ലൂരില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു തലസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നടന്ന രഹസ്യ ചര്‍ച്ച.
തുടര്‍ ചര്‍ച്ചകള്‍ക്ക് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ യും ജി.എസ്.ടി അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്നിന്നെയും എം.ബി രാജേഷ് ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ധൃതഗതിയിലെ നീക്കം.
കേരളീയത്തിനും നവകേരള സദസിനുമായി കോടികളാണ് ബാറുകളില്‍ നിന്നും മദ്യ കമ്പനികളില്‍ നിന്നും പിരിച്ചത്. 801 ബാറുകളില്‍ നിന്ന് 100 കോടിക്ക് മുകളില്‍ പിരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ അബ്കാരി നിയമ ഭേദഗതി ചെയ്യാനാണ് തീരുമാനം. മദ്യനയത്തില്‍ ഇത് ഉള്‍പ്പെടുത്തും. 400 രൂപയ്ക്ക് മുകളിലുള്ള ബോട്ടിലിന് 251 ശതമാനം നികുതിയും അതിന് താഴെ 241 ശതമാനം നികുതിയും ആണ് നിലവില്‍ ഈടാക്കുന്നത്.
ഇത് 100ല്‍ താഴെ ആക്കണമെന്നാണ് മദ്യ കമ്പനികളുടെ ആവശ്യം. ബകാര്‍ഡി കമ്പനി വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള പ്രൊപ്പോസല്‍ നല്കി കഴിഞ്ഞു. നികുതി 80 ശതമാനം ആക്കണമെന്നാണ് ഇവരുടെ ആവശ്യം.
നികുതി കുറയ്ക്കാം എന്ന് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഉറപ്പ് കൊടുത്തു എന്ന സൂചനകളാണ് പുറത്ത് വരുന്നത്