തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയുണ്ടായിരുന്ന ഡി.എ അനുവദിച്ചതില്‍ കോളടിച്ചത് ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ ഉള്‍പ്പെടെയുള്ള കോളേജ് അധ്യാപകര്‍ക്ക്.
14 ശതമാനം ഡി.എയാണ് ഇവർക്ക് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. 17ല്‍ നിന്ന് 31 ശതമാനമായാണ് കോളേജ് അധ്യാപകരുടെ ഡി.എ വര്‍ദ്ധിപ്പിച്ചത്. തടഞ്ഞുവച്ചിരുന്ന ഡി.എയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി ആശ ഉള്‍പ്പെടെയുള്ള കോളേജ് അധ്യാപകര്‍ 2023 ഡിസംബര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു.
കുടിശിക ഡി.എ കിട്ടാന്‍ ധനമന്ത്രിയുടെ ഭാര്യ സമരം ചെയ്തത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. തിരുവനന്തപുരം എം.ജി കോളേജ് ഇംഗ്ലീഷ് അധ്യാപികയാണ് ആശ. ജുഡിഷ്യല്‍ ഓഫിസര്‍മാരുടെയും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും കുടിശിക ഡി.എ മുഴുവനായി കൊടുക്കാനും ബാലഗോപാല്‍ ശ്രദ്ധിച്ചിട്ടുണ്ട്.
38 ശതമാനത്തില്‍ 46 ശതമാനമായാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡി.എ വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് 8 ശതമാനം.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഡി.എ 42 ല്‍ നിന്ന് 46 ശതമാനമായി വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധനവ് 4 ശതമാനം.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ഡി.ആര്‍ 7 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി വര്‍ദ്ധിപ്പിച്ചു. വെറും 2 ശതമാനം.
20 ശതമാനം ഡി.എ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇനിയും കുടിശിക നല്‍കാനുണ്ട്. 14 ശതമാനം ഡി. എ കിട്ടിയതില്‍ ആശയും കോളേജ് അധ്യാപകരും ഹാപ്പി ആയെങ്കിലും 2 ശതമാനം മാത്രം ഡി.എ കിട്ടിയ ജീവനക്കാരും പെന്‍ഷന്‍കാരും നിരാശയിലാണ്.