International

ഈശ്വര നിന്ദയെന്ന് ആരോപണം; പാകിസ്താനിൽ വിദ്യാർത്ഥിയ്ക്ക് വധശിക്ഷ വിധിച്ചു

ന്യൂഡൽഹി: വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്താനിൽ 22കാരനെ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതിനാലാണ് വിദ്യാർത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ കോടതി പറഞ്ഞു.

പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയ്ക്ക് പകരം 17 വയസ്സുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ചതായി റിപ്പോർട്ടുണ്ട്. പാകിസ്താനിൽ മതനിന്ദയ്ക്ക് വധശിക്ഷയാണ് ലഭിക്കുക. എന്നാൽ അതിന്റെ പേരിൽ ഇതുവരെ ആരേയും ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല. എന്നാൽ നിരവധി പ്രതികളെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ടുണ്ട്.

2022ൽ ലാഹോറിലെ പാകിസ്താൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) സൈബർ ക്രൈം യൂണിറ്റ് നൽകിയ പരാതിയെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നാണ് വീഡിയോകളും ഫോട്ടോകളും ലഭിച്ചതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

പരാതിക്കാരൻ്റെ ഫോൺ പരിശോധിച്ചതിൽ അശ്ലീലം അയച്ചതായി കണ്ടെത്തിയതായി എഫ്ഐഎ അറിയിച്ചു. വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് വിദ്യാർത്ഥികൾക്കായി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *