
ബെംഗളൂരു : ജലക്ഷാമം രൂക്ഷം . വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടാണ് കർണാടക സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് 5,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.
നിർമാണ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതും കർണാടക നിരോധിച്ചു. ഏപ്രിൽ, മേയ് മാസങ്ങൾക്കു മുൻപേ ബെംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തിൽ വലയുകയാണ്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ കുറഞ്ഞതിന്റെ ഫലമായി നഗരത്തിലുടനീളമുള്ള മൂവായിരത്തിലധികം കുഴൽക്കിണറുകൾ വറ്റിയിരുന്നു.
അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും ഇടാൻ തുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.
അതേ സമയം കേരളത്തിലും അതി ഭീമമായ ചൂടാണ് അനുഭവപ്പെടുന്നത്. വൈകാതെ കേരളത്തിലും ജലക്ഷാമം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്നു മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
സാധാരണയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.